വാർത്താ സമ്മേളനത്തിനിടെ ബോഡി ഷെയ്മിംഗ് നടത്തിയ വ്ലോഗർമാർക്ക് ചുട്ടമറുപടി നൽകി നടി ഗൗരി.ജി.കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനാണ് താരം ശക്തമായ മറുപടി നൽകിയത്. സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു വ്ലോഗറുടെ അധിക്ഷേപം.
സംവിധായകൻ അഭിൻ ഹരിഹരനും നായകൻ ആദിത്യ മാധവും വേദിയിൽ ഉണ്ടായിരുന്നെങ്കിലും അവർ ഒരക്ഷരം മിണ്ടാനോ പ്രതികരിക്കാനോ തയ്യാറായില്ല. ഇതിനിടെയാണ് നടി ആർജ്ജവത്തോടെ പ്രതികരിച്ചത്. ഇന്ന് റിലീസ് ചെയ്യുന്ന ‘അതേഴ്സ്’ എന്ന സിനിമയുടെ പ്രചരണ പരിപാടിക്കിടെയായിരുന്നു സംഭവം. നടിയെ എടുത്ത് ഉയർത്തിയപ്പോൾ എന്തായിരുന്നു വെയിറ്റെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബർ നടനോട് ചോദിച്ചത്. ഉയരം കുറഞ്ഞ ഇവരെ എന്തിനാണ് കാസ്റ്റ് ചെയ്തതെന്ന് ഡയറക്ടറോടും അയാൾ ചോദിച്ചു.
ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് യൂട്യൂബേഴ്‌സ് കരുതുന്നതെന്ന് ഗൗരി പറഞ്ഞു. ഞാനും പഠിച്ചത് ജേർണലിസമാണ്, 50 ഓളം പുരുഷന്മാരുള്ള മുറിയിൽ എനിക്ക് ഒറ്റക്ക് സംസാരിക്കേണ്ടി വന്നു, എന്റെ ടീം മെമ്പേഴ്‌സ് പോലും ഒന്നും പ്രതികരിച്ചില്ല നടി പറഞ്ഞു.















