മുംബൈ: 1993 ലെ മുംബൈ സ്ഫോടന പരമ്പരയുടെ സൂത്രധാരനായ ടൈഗർ മേമന്റെയും കുടുംബത്തിന്റെയും വസ്തുവകൾ ലേലത്തിന്. ഗൂഢാലോചന നടന്ന ഫ്ലാറ്റ് ഉൾപ്പെടെയുള്ളവയാണ് ലേലം ചെയ്യുന്നത്. സ്മഗ്ലർ ആന്റ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റ്സ് ആക്ട് അതോറിറ്റി (സഫെമ) ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചു. സ്വത്തുക്കളുടെ മൂല്യനിർണ്ണയം പുരോഗമിക്കുകയാണെന്നും ഡിസംബർ ലേലം ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ടാഡ കോടതിയിൽ നിന്നും 17 സ്വത്തുക്കളുടെ വിശദാംശങ്ങളാണ് സഫെമയ്‌ക്ക് കൈമാറിയത്. ഇതിൽ ടൈഗർ മേമനും കുടുംബവും താമസിച്ചിരുന്ന മധ്യ മുംബൈയിലെ മാഹിമിലെ അൽ ഹുസൈനി കെട്ടിടത്തിലെ മൂന്ന് ഫ്ലാറ്റുകൾ ഉൾപ്പെടും. ഈ കെട്ടിടത്തിലാണ് സ്ഫോടനത്തിനുള്ള ഗൂഢാലോചന നടന്നതെന്ന് സിബിഐ കണ്ടെത്തിയിരുന്നു.
1993 ലാണ് രാജ്യത്തെ നടുക്കിയ സ്ഫോടന പരമ്പര നടന്നത്. 257 പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ടൈഗർ മേമൻ പാകിസ്ഥാനിലേക്ക് കടന്നു. 2015 ൽ ടൈഗർ മേമന്റെ സഹോദരൻ യാക്കൂബ് മേമനെ തൂക്കിലേറ്റിയിരുന്നു. കുടുംബാംഗങ്ങളിൽ മിക്കവരും ജയിൽ ശിക്ഷ അനുഭവിക്കുകയാണ്.
മഹാരാഷ്‌ട്രയിലെ വക്കോളയുടെ പ്രാന്തപ്രദേശത്ത് ഏകദേശം 400 കോടി രൂപ വിലമതിക്കുന്ന ഭൂമിയും മേമൻ കുടുംബത്തിന് സ്വന്തമായുണ്ട്. ഈ ഭൂമി പലരും അനധികൃതമായി കൈയ്യേറിയിരിക്കുകയാണ്. ഇത് തിരിച്ചു പിടിക്കാനുള്ള നടപടികളും സഫെമ ആരംഭിച്ചു.















