വാർത്താസമ്മേളനത്തിനിടെ നടി ഗൗരി കിഷനോട് ഭാരം എത്രയെന്ന് ചോദിച്ച് ഓൺലൈൻ മാദ്ധ്യമപ്രവർത്തകൻ. അടുത്തിടെ നടന്ന പ്രസ്മീറ്റിലായിരുന്നു സംഭവം. വിഡ്ഢിത്തചോദ്യം വേണ്ടെന്നാണ് ഗൗരി കിഷൻ പ്രതികരിച്ചത്. താരത്തെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി തമിഴ്നാട് വൈസ് പ്രസിഡൻ്റ് ഖുശ്ബു സുന്ദർ.
ഒരു സ്ത്രീയ്‌ക്ക് എത്ര ഭാരമുണ്ട് എന്നുള്ളത് അവരുടെ വിഷയമല്ല. നായികയുടെ ഭാരത്തെ കുറിച്ച് നായകനോട് ചോദിച്ചിരിക്കുന്നു. ലജ്ജാകരമാണിത്. തന്റെ നിലപാടിൽ ഉറച്ചുനിന്ന് ശക്തമായി പ്രതികരിച്ച ഗൗരി കിഷന് അഭിനന്ദനങ്ങൾ. ഗൗരി കിഷൻ ധീരമായ നിലപാടാണ് സ്വീകരിച്ചത്. ബഹുമാനം ഒരിക്കലും അങ്ങോട്ട് മാത്രം നൽകേണ്ടതല്ലെന്നും ബഹുമാനം കിട്ടണമെന്നുണ്ടെങ്കിൽ അതി കൊടുക്കാനും പഠിക്കണമെന്നും ഖുശ്ബു സുന്ദർ കുറിച്ചു.
ഗൗരി കിഷന്റെ നായകനായി അഭിനയിക്കുന്ന ആദിത്യ മാധവനോടായിരുന്നു മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം. അദേഴ്സ് സിനിമയുടെ വാർത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം. തന്റെ ഭാരം എങ്ങനെയാണ് സിനിമയുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഇത് ബഹുമാനമില്ലാത്ത ചോദ്യമാണ്. എല്ലാ സ്ത്രീകളും വ്യത്യസ്തരാണ്. എന്റെ ഭാരം അറിഞ്ഞിട്ട് നിങ്ങൾ എന്ത് ചെയ്യാൻ പോവുകയാണ്. വണ്ണം വയ്‌ക്കണോ വേണ്ടയോ എന്നത് തന്റെ ഇഷ്ടമാണെന്നും ഗൗരി കിഷൻ പറഞ്ഞു.















