തിരുവനന്തപുരം: മന്ത്രിസഭായോഗം അംഗീകരിച്ച തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണമെന്ന് എൻ ജി ഒ സംഘ്. സർക്കാർ ജീവനക്കാർക്ക് ലഭ്യമാകാനുള്ള ക്ഷാമബത്ത കുടിശിക തീയതി മുതൽ മുൻകാല പ്രാബല്യത്തോടുകൂടി അനുവദിക്കാവുന്നതാണ് എന്നാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.
മന്ത്രിസഭായോഗത്തിന്റെ തീരുമാനത്തിൽ മാറ്റം വരുത്താൻ മന്ത്രിസഭയ്‌ക്ക് മാത്രമേ അധികാരമുള്ളൂ എന്നിരിക്കെ ഏകപക്ഷീയമായി മാറ്റം വരുത്തി ചട്ട ലംഘനം നടത്തിയ ധനമന്ത്രി ഈ പദവിയിൽ തുടരാൻ യോഗ്യനല്ലെന്ന് സ്വയം തെളിയിച്ചിരിക്കുകയാണ്.
2023 ജനുവരിയിൽ ലഭിക്കേണ്ട ഒരു ഗഡു (4%) ക്ഷാമബത്ത കഴിഞ്ഞ മാസത്തെ ശമ്പളത്തോടൊപ്പം അനുവദിച്ചിരുന്നു. എന്നാൽ ഉത്തരവിൽ കുടിശിക തീയതി ഒഴിവാക്കിയതിലൂടെ ജീവനക്കാർക്ക് 34 മാസത്തെ കുടിശികതുകയാണ് നഷ്ടപ്പെട്ടത്.
ഇതിന് മുൻപ് പ്രഖ്യാപിച്ചിട്ടുള്ള നാല് ഗഡു ഉൾപ്പെടെ 15 ശതമാനം കുടിശികത്തുകയാണ് സർക്കാർ തടഞ്ഞു വച്ചിരിക്കുന്നത്. 17ശതമാനം ക്ഷാമബത്ത കിട്ടാനുള്ളപ്പോൾ കേവലം നാല് ശതമാനം മാത്രം അനുവദിക്കുകയും അർഹമായ കുടിശിക നിഷേധിക്കുകയും ചെയ്ത ധനമന്ത്രി ജീവനക്കാരോടുള്ള അവഗണന തുടരുന്ന സാഹചര്യത്തിൽ ജീവനക്കാർ ഒറ്റക്കെട്ടായി പ്രക്ഷോഭത്തിന് തയ്യാറാകണമെന്ന് കേരള എൻ. ജി. ഒ. സംഘ് സംസ്ഥാന പ്രസിഡന്റ് ജെ. മഹാദേവൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.















