തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കവർന്ന സംഭവത്തിൽ ജീവനക്കാരുടെ നുണ പരിശോധന നടത്താൻ കോടതി ഉത്തരവിട്ടു. ആറ് ജീവനക്കാർക്കാണ് നുണ പരിശോധന. ഫോർട്ട് പൊലീസ് നൽകിയ അപേക്ഷയിലാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.
കഴിഞ്ഞ 7 നും 10 നും ഇടയിലാണ് സ്വർണക്കവർച്ച നടന്നത്. 13 പവൻ സ്വർണമാണ് മോഷണം പോയത്. ശ്രീകോവിലിന്റെ വാതിലിൽ സ്വർണം പൂശാൻ സ്ട്രോഗ് റൂമിൽ നിന്നും സ്വർണം എടുക്കാറുണ്ട്. ഓരോ ദിവസം സ്വർണം എടുത്ത് ബാക്കിയുള്ളത് ക്യത്യമായ തൂക്കം പരിശോധിച്ച് രേഖപ്പെടുത്തിയ ശേഷം തിരികെ വയ്‌ക്കുന്നതാണ് പതിവ്. കഴിഞ്ഞ മെയ് 7 ന് ജോലി പൂർത്തിയാക്കി സ്വർണം തിരികെവച്ചു. എന്നാൽ 10 തീയതി സ്വർണം വീണ്ടുമെടുത്തപ്പോൾ 103 ഗ്രാമിന്റെ കുറവ് കണ്ടെത്തി.
ക്ഷേത്രം മാനേജാറാണ് ഫോർട്ട് പൊലീസിൽ പരാതി നൽകിയത്. പിന്നീട് അന്വേഷണം ഊർജ്ജിതമായതോടെ ക്ഷേത്ര പരിസരത്ത് മണലിൽ പൊതിഞ്ഞ നിലയിൽ നഷ്ടപ്പെട്ട അതേ തൂക്കത്തിലുള്ള സ്വർണ്ണക്കട്ടി കണ്ടെത്തുകയായിരുന്നു. പിടിക്കപ്പെടും എന്ന് ഉറപ്പായതോടെ സ്വർണം ഉപേക്ഷിച്ചു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
സംശയനിഴലിലുള്ള ആറ് പേരുകളാണ് പൊലീസ് കോടതിയിൽ നൽകിയത്. ബി. ശ്രീകുമാർ, അനിൽകുമാർ, പത്മകുമാർ, ശിവപ്രസാദ്, മോത്തിലാൽ, മീനാക്ഷിസുന്ദരം എന്നീ ആറുപേർക്കാണ് നുണപരിശോധന. ഇവരുടെ സമ്മതപത്രം വാങ്ങിവേണം പരിശോധന എന്നും കോടതി പറഞ്ഞു.















