കൊൽക്കത്ത: മഹാകവി വള്ളത്തോളിന്റെ 147-ാമത് ജന്മദിനത്തോടനുബന്ധിച്ചു വള്ളത്തോൾ ജയന്തി ആഘോഷം രാജ്ഭവനിൽ നടന്നു. കൊൽക്കത്തയിലെ
മാർക്കോഹാളിലാണ് ആഘോഷം നടന്നത്. പ്രോഗ്രാം കോർഡിനേറ്റർ ശ്രീ രാമദാസ് വള്ളത്തോൾ സ്വാഗതപ്രസംഗം നടത്തി. ഗവർണർ ആനന്ദബോസ് പരിപാടിയിൽ ഉദ്ഘാടനം ചെയ്തു.
കൊൽക്കത്തയിലെ 12 മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് കൊൽക്കത്ത മലയാളി ഓർഗനൈസേഷനും കലാമണ്ഡലം കൊൽക്കത്തയും ഒത്തുചേർന്നു. രണ്ട് മണിക്കൂർ നേരത്തെ കലാ പരിപാടികളാണ് ആസൂത്രണം ചെയ്‌തിരുന്നത്. മനോജ് തോമസ് പരിപാടികൾ അവതരിപ്പിച്ചു.

വള്ളത്തോൾ കവിതകൾ ആസ്പദമാക്കി തിരുവാതിരക്കളി, ഭരതനാട്യം, മോഹിനിയാട്ടം, കവിതയുടെ ദൃശ്യആവിഷ്കാരം, കവിതാലാപനം എന്നിവ കോഫെഡറേഷൻ ഓഫ് കൊൽക്കത്ത മലയാളി ഓർഗാണൈസേഷൻസ് അവതരിപ്പിക്കുകയുണ്ടായി. കലാമണ്ഡലം കൊൽക്കത്ത കുട്ടികളുടെ നൃത്തം, താണ്ഡവം, മൈത്രെയി, അർദ്ധനാരീശ്വര ഇങ്ങനെ വിവിധ നൃത്ത നൃത്യങ്ങൾ അവതരിപ്പിച്ചു.

ഗവർണർ മലയാള ഭാഷയെയും അതിന്റെ ഗഹനമായ സാഹിത്യത്തെയും വള്ളത്തോൾ, കാളിദാസൻ, ടാഗോർ എന്നിവരുടെ അഭിഞ്ജതയെയും കുറിച്ച് സംസാരിച്ചു. ഭാവിയിൽ ഇനിയും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമെന്നും വാഗ്ദാനം ചെയ്തു. എല്ലാ കലാകാരന്മാരെയും കലാകാരികളെയും അഭിനന്ദിച്ചു. സുരേഷ് വൈദ്യന്‍ നന്ദി പ്രകടനം നടത്തി. ദേശീയഗാനത്തോടെ പരിപാടിക്ക് പരിസമാപ്തി കുറിച്ചു.















