കാസർകോട്: ഉപ്പളയിൽ വീടിന് നേരെ അജ്ഞാതൻ വെടിയുതിർത്ത സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. വീട്ടുടമയുടെ മകനായ 14 കാരനാണ് വെടിയുതിർത്തതെന്ന് പൊലീസ് കണ്ടെത്തി. ഓൺലൈൻ ഗെയിം അഡിക്റ്റായ കുട്ടി പിതാവിന്റെ തോക്കെടുത്ത് വെടിവയ്‌ക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ഉപ്പള ഹിദായത്ത് നഗറിലെ പ്രവാസിയായ അബൂബക്കറിന്റെ വീടിന് നേരെയാണ് വെടിവയ്പ്പ് ഉണ്ടായത്. അബുവിന്റെ ഭാര്യയും മക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. വീടിന്റെ ജനൽ ചില്ല് തകർന്നിരുന്നു.
സംഭവ സമയത്ത് 14 കാരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കാറിൽ എത്തിയ നാലംഗ സംഘം വെടിയുതിർത്തെന്നായിരുന്നു കുട്ടി പൊലീസിനോട് പറഞ്ഞത്. ഈ സമയത്ത് വീട്ടിലെ സിസിടിവി ഓഫ് ചെയ്ത നിലയിലായിരുന്നു. പിന്നീട് കുട്ടിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. സംഭവത്തിൽ സ്വർണക്കടത്ത് സംഘങ്ങളെയടക്കം പൊലീസ് സംശയിക്കുകയും അന്വേഷണം ആ ദിശയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തിരുന്നു.















