ന്യൂഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടന ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം നേതാവ് ഡോ. ഷഹീൻ സയീദും കൂട്ടാളികളും തമ്മിലുള്ള നിർണായക ചാറ്റ് വിവരങ്ങൾ പുറത്ത്. കോഡ് ഭാഷയിലാണ് സംഘം ആശയവിനിമയം നടത്തിയിരുന്നത്. ഷഹീൻ അറിയപ്പെട്ടിരുന്നത് മാഡം സർജൻ എന്ന പേരിലാണ്.
ഷഹീനുമായി ബന്ധമുള്ള ചിലരുടെ നമ്പറുകളും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. ഷഹീന്റെ ഫോണിലെ വാട്സാപ്പ് ചാറ്റുകളിൽ നിന്നാണ് ഭീകരസംഘടനയെ കുറിച്ച് വിവരങ്ങൾ ലഭിച്ചത്. മാഡം X, മാഡം Z എന്നീ കോഡ് പേരിൽ സേവ് ചെയ്ത നമ്പറുകളിൽ ഷഹീൻ നിരന്തരം ബന്ധപ്പെട്ടിരുന്നു. പല നിർണായക വിവരങ്ങൾ ഇവർ പങ്കുവച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിക്കുന്ന വിവരം.
ഈ നമ്പറിൽ നിന്ന് ഷഹീന് തിരിച്ചും സന്ദേശങ്ങളും ഫോൺ കോളുകളും വന്നിരുന്നു. സ്ഫോടകവസ്തുക്കൾക്ക് മരുന്ന് എന്ന കോഡ് ഭാഷയാണ് ഉപയോഗിച്ചിരുന്നത്. ഓപ്പറേഷന് ഒരിക്കലും മരുന്ന് കുറയരുത് എന്നായിരുന്നു ഒരു സന്ദേശം. ഓപ്പറേഷനിൽ കൂടുതൽ ശ്രദ്ധ കൊടുക്കണമെന്ന് മറ്റൊരു സന്ദേശത്തിൽ പറയുന്നു. മാഡം Z എന്ന പേരിൽ സേവ് ചെയ്തിരുന്ന നമ്പറിൽ നിന്നാണ് ഈ സന്ദേശം എത്തിയത്. ഷഹീന്റെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.















