ആലപ്പുഴ: വിവാഹദിനത്തിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായ വധുവിനെ ആശുപത്രിയിൽ വച്ച് താലികെട്ടി വരൻ. ആലപ്പുഴ കൊമ്മാടി സ്വദേശിയായ ആവണിയും തുമ്പോളി സ്വദേശിയുമായ വി.എം. ഷാരോണും തമ്മിലുള്ള വിവാഹം ഇന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വെച്ചാണ് നടന്നത്.അതേസമയത്ത് മണ്ഡപത്തിൽ വിവാഹസദ്യയും വിളമ്പി. ആവണിയുടെ ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെ ആശ്വാസമായ ബന്ധുക്കൾ വിവാഹം നടത്താന് തീരുമാനിക്കുകയായിരുന്നു.
ഇന്ന് ഉച്ചയ്‌ക്കു 12.12 നും 12.25 നും മധ്യേയുള്ള മുഹൂർത്തത്തിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്.ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം നടക്കേണ്ടത്. അതിനിടെയാണ്തണ്ണീർമുക്കത്ത് ബ്യൂട്ടീഷ്യന്റെ അടുത്തു പോയി മടങ്ങുംവഴി വധു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ആദ്യം കോട്ടയം മെഡിക്കൽ കോളജിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബന്ധുക്കളുടെ ആവശ്യപ്രകാരം അത്യാഹിത വിഭാഗത്തിൽ വച്ച് താലികെട്ട് നടത്തുകയായിരുന്നു. ആവണിയുടെ ശസ്ത്രക്രിയ നാളെ നടക്കും.ആവണിയുടെ കൂടെയുണ്ടായിരുന്ന മൂന്നു പേർക്കും പരുക്കേറ്റു. ഇവർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.















