ന്യൂഡൽഹി: ഫാസ്റ്റ് ഫുഡ് അമിതമായി കഴിച്ച റഷ്യൻ ഫിറ്റ്നസ് പരിശീലകനും ഇൻഫ്ലുവൻസറുമായ യുവാവിന് ദാരുണാന്ത്യം. അമിതമായി ഭക്ഷണം കഴിക്കുന്ന ചലഞ്ചിൽ പങ്കെടുക്കവെയാണ് ദിമിത്രി നുയാൻസിൻ മരിച്ചത്. 25 കിലോ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള ചലഞ്ചിലാണ് ദിമിത്രി പങ്കാളിയായത്. ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണമെന്നാണ് മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്.
ചാലഞ്ചിന്റെ ഭാഗമായി ആഴ്ചകളോളം പുറത്തുനിന്നുള്ള ജങ്ക് ഫുണ്ടുകൾ മാത്രമാണ് ദിമിത്രി കഴിച്ചത്. ദിവസവും 10,000 കലോറിയിൽ കൂടുതൽ കഴിച്ചിരുന്നു. കൂടുതലും ഡെലിവറി ചെയ്താണ് ഫാസ്റ്റ് ഫുഡുകൾ വാങ്ങിയിരുന്നത്. രാവിലെ പ്രഭാതഭക്ഷണമായി കേക്കും, ഉച്ചയ്‌ക്ക് ഡംപ്ലിങ്സും അത്താഴത്തിന് ഒരു ബർഗറും രണ്ട് പിസ്സകളുമായിരുന്നു ദിമിത്രിന്റെ ഭക്ഷണരീതി.
നവംബർ 18-ന് പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റിൽ തനിക്ക് 13 കിലോ ഭാരം വർദ്ധിച്ചെന്നും ഇപ്പോൾ 105 കിലോയുണ്ടെന്നും ദിമിത്രി പറഞ്ഞിരുന്നു. മരിക്കുന്നതിന് ഒരു ദിവസം മുമ്പ് താൻ ക്ഷീണിതനാണെന്നും ഡോക്ടറെ കാണണമെന്നും ദിമിത്രി പറഞ്ഞതായി സുഹൃത്തുക്കൾ വെളിപ്പെടുത്തി.















