നടി സാമന്ത റൂത്ത് പ്രഭു വീണ്ടും വിവാഹിതയായി. ചലച്ചിത്ര നിർമ്മാതാവ് രാജ് നിദിമോരുവാണ് വരൻ. തിങ്കളാഴ്ച രാവിലെ കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ വച്ചായിരുന്നു വിവാഹം. ചടങ്ങിലെ മനോഹര നിമിഷങ്ങൾ താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്.

ഇഷാ സെന്ററിനുള്ളിലെ ലിംഗഭൈരവി ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. ഞായറാഴ്ച രാത്രി വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു.
ഇരുവരും രണ്ടുവർഷമായി പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ചടങ്ങുകളിൽ രാജിനൊപ്പം പ്രത്യക്ഷപ്പെടുന്നതും സോഷ്യൽ മീഡിയയിലെ ചിത്രങ്ങളും ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി.

സാമന്തയുടെയും രാജിന്റെയും രണ്ടാം വിവാഹമാണ്. നടൻ നാഗ ചൈതന്യയായിരുന്നു സാമന്തയുടെ ആദ്യ ഭർത്താവ്. 2021 ൽ ഇവർ വേർപിരിഞ്ഞു. കഴിഞ്ഞ വർഷം നാഗ ചൈതന്യ പിന്നീട് നടി ശോഭിത ധൂലിപാലയെ വിവാഹം കഴിച്ചു. ശ്യാമാലി ദേയെ ആണ് രാജിന്റെ ആദ്യ ഭാര്യ. 2022 ൽ അവർ വേർപിരിഞ്ഞു. ദി ഫാമിലി മാൻ 2 , സിറ്റാഡൽ: ഹണി ബണ്ണി , വരാനിരിക്കുന്ന രക്ത്ത് ബ്രഹ്മണ്ട് എന്നിവയിൽ സാമന്തയും രാജും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.















