കൊൽക്കത്ത: ലയണൽ മെസി പങ്കെടുത്ത പരിപാടിയിൽ ക്രമക്കേട് നടന്ന സംഭവത്തിൽ അറസ്റ്റിലായ സംഘാടകൻ സതാദ്രു ദത്തയെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽവിട്ടു. പരിപാടിയുടെ സുരക്ഷാക്രമീകരണങ്ങളിലും വീഴ്ച സംഭവിച്ചിരുന്നതായും വൻ ക്രമക്കേടുകൾ നടന്നതായും കണ്ടെത്തി. സംഘർഷമുണ്ടായി മണിക്കൂറുകൾക്കകം സതാദ്രുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിൽ ബംഗാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. ഇത് രാജ്യത്തിന് തന്നെ അപമാനമായെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മമത ബാനർജി സർക്കാരിന്റെ കെടുകാര്യസ്ഥത ബംഗാളിനെ ആഗോള നാണക്കേടായി മാറിയെന്നും നേതാക്കൾ വ്യക്തമാക്കി. മന്ത്രിമാർക്കും അവരുടെ അടുത്തആളുകൾക്കും മാത്രമാണ് മെസിയെ കാണാനായതെന്ന ആരോപണവും ഉയരുന്നുണ്ട്.
മെസിയെ കൊണ്ടുവന്ന് ജനങ്ങളുടെ കണ്ണിൽപൊടിയിട്ട് പണം തട്ടിയ സംഭവം കൊൽക്കത്തയെ പരിഹാസപാത്രമാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. വൻ തുക മുടക്കി ടിക്കറ്റ് എടുത്തവർക്ക് മെസിയെ കാണാനിയില്ല. വിഐപി സാന്നിധ്യം ആരാധകരുടെ കാഴ്ച മറച്ചു. ഗുരുതര വീഴ്ചയാണുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.















