ഭുവനേശ്വർ: കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയയക്ക് കത്തയച്ച മുൻ എംഎൽഎയെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഒഡീഷയിലെ കോൺഗ്രസ് നേതാവ് മുഹമ്മദ് മോക്വിമിനെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ചതിന് പിന്നാലെയാണ് സംഭവവികാസം. ബരാബതി കട്ടക്കിൽ നിന്നുള്ള എംഎൽഎയായിരുന്നു മോക്വിം. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന പേരിലാണ് നടപടിയെടുത്തിരിക്കുന്നത്.
രാഹുൽ ഗാന്ധിയെയും എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് അഞ്ച് പേജുള്ള കത്താണ് മുഹമ്മദ് മോക്വിം സോണിയയ്‌ക്ക് അയച്ചത്. കോൺഗ്രസിന്റെ ഉന്നതരും താഴെത്തട്ടിലുള്ള പ്രവർത്തകരും തമ്മിലുള്ള അകലം വർദ്ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
തെറ്റായ തീരുമാനങ്ങളാണ് കോൺഗ്രസിനെ നയിക്കുന്നത്. തെറ്റുകൾ തിരുത്തുന്നതിന് പകരം തെറ്റായ കൈകളിൽ തന്നെ വീണ്ടും ഉത്തരവാദിത്തങ്ങൾ നൽകുകയാണ്. 83 കാരനായ ഖാർഗെയ്‌ക്ക് ഇന്ത്യയിലെ യുവാക്കളുമായി ഇഴുകിച്ചേരാൻ കഴിയുന്നില്ല. മൂന്ന് വർഷത്തിനിടെ ഒരു തവണ പോലും രാഹുൽ ഗാന്ധിയെ കണ്ടിട്ടില്ലെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടിയികുന്നു.















