വിവാഹം, ദാമ്പത്യം എന്നിവയുമായി ബന്ധപ്പെട്ട എന്ത് പ്രശ്നത്തിനും ഉത്തമമായ പരിഹാരം ലഭിക്കുന്ന ഉപാസനാ പദ്ധതിയാണ് ഉമാ മഹേശ്വര ഭജനം. വിവാഹത്തിന് തടസ്സം നേരിടുന്നവർക്ക് വിവാഹം നടക്കാനും വിവാഹിതർക്ക് ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാനും ഉള്ള അതിശക്തമായ ഒരു പൂജയാണ് ഉമാമഹേശ്വര പൂജ. ജാതകത്തിലെ ദോഷങ്ങൾ കാരണങ്ങൾ വിവാഹം വൈകുന്നവർക്കും ഉമാമഹേശ്വരപൂജ ചെയ്താൽ ഉറപ്പായും നല്ല ഫലം ലഭിക്കും.
മിക്കവാറും എല്ലാ ശിവക്ഷേത്രങ്ങളിലും ശ്രീകോവിലിന്റെ പിൻ ഭാഗത്തായി പാർവതിക്ക് സ്ഥാനമുണ്ട്. അതുകൊണ്ടു തന്നെ എല്ലാ ശിവ ക്ഷേത്രങ്ങളിലും ഉമാമഹേശ്വര പൂജ ചെയ്യാറുണ്ട്. എന്നാൽ അതിനുമപ്പുറം, ശ്രീപാർവ്വതിയും ശ്രീപരമേശ്വരനും ഒന്നിച്ചിരിക്കുന്ന ദിവ്യസന്നിധികളിൽ ദർശനം നടത്തി ഉമാ മഹേശ്വര പൂജ ചെയ്താൽ ഫലസിദ്ധി ക്ഷിപ്രവേഗത്തിൽ ഉണ്ടാകും. ഇത്തരത്തിൽ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ ചെയ്യുന്ന ഈ പൂജയ്‌ക്ക് സാധാരണ ശിവസന്നിധികളിൽ ചെയ്യുന്ന മംഗല്യ തടസ, ദാമ്പത്യ ക്ലേശ പൂജകളെക്കാൾ കൂടുതൽ ശക്തിയുണ്ടെന്ന് അനുഭവസ്ഥർ പറയുന്നത്.
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പത്മതീർത്ഥക്കരയിലുള്ള ശിവപാർവ്വതി ക്ഷേത്രം ഇത്തരത്തിൽ പാർവതീ ദേവിയെ പ്രത്യേകം പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമാണ്. ഈ ക്ഷേത്രത്തിൽ ഭഗവാനും ഭഗവതിക്കും അടുത്തടുത്താണ് സ്ഥാനം. ഇവിടുത്തെ ഏറ്റവും വിശേഷപ്പെട്ട പൂജയാണ് ഉമാമഹേശ്വരപൂജ. വിവാഹം, കാര്യസാദ്ധ്യം, ഐകമത്യം എന്നിവയ്‌ക്ക് ഇവിടെ ഉമാമഹേശ്വരപൂജ നടത്തുന്നത് വളരെ നല്ലതാണ് എന്നാണ് അനുഭവസ്ഥർ പറയുന്നത്. അനേകായിരം പേരാണ് ഇവിടുത്തെ പൂജയിലൂടെ ഫലസിദ്ധിയുണ്ടായിട്ടുള്ളത്. പാർവതിക്ക് പ്രത്യേക പ്രതിഷ്ഠയില്ലാത്ത ശിവക്ഷേത്രങ്ങളിലെല്ലാം ശിവന്റെ നടയുടെ പിന്നിൽ പാർവതിയെ സങ്കല്പിക്കുന്നു എന്ന് നേരത്തെ പറഞ്ഞല്ലോ. അവിടങ്ങളിൽ ദേവിക്കാണ് ഭക്തർ പിൻവിളക്ക്, അഥവാ പുറകു വിളക്ക് തെളിക്കുന്നത്.
ശ്രീകോവിലിൽ കിഴക്കും പടിഞ്ഞാറുമായി പാർവതി പരമേശ്വരന്മാരെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങൾ വേറെയും ധാരാളമുണ്ട്. കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം തിരുവനന്തപുരം ഗൗരീശപട്ടം ക്ഷേത്രം, എറണാകുളത്തെ തിരുവൈരാണിക്കുളം, കോട്ടയത്തെ വാഴപ്പള്ളി, പത്തനംതിട്ടയിലെ കവിയൂർ എന്നിവ ഇതിൽ ചിലതാണ്. കാടമ്പുഴയിൽ ശിവ പാർവതിമാർ ആണ് പ്രതിഷ്ഠ എങ്കിലും കിരാത – കിരാതി സങ്കല്പത്തിലാണ്. ചെങ്ങന്നൂരിൽ ഭഗവതി ഭുവനേശ്വരിയാണ്.















