ഗുരുവായൂരമ്പലനടയിൽ താലികെട്ട് മിക്ക യുവതി യുവാക്കളുടെയും ഒരു സ്വപ്നമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ വിവാഹം നടക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂർ. വിശേഷ ദിവസങ്ങളിൽ നൂറുകണക്കിന് വിവാഹങ്ങളാണ് ഇവിടെ നടക്കുന്നത്.
ഭൂലോക വൈകുണ്ഠം എന്നാണ് ഗുരുവായൂർ ക്ഷേത്രം അറിയപ്പെടുന്നത്. ഈ നടയിൽവെച്ച് താലി ചാർത്തിയാൽ നെടുമാംഗല്യം ലഭിക്കുമെന്നാണ് വിശ്വാസം. മാത്രമല്ല ദമ്പതികൾക്ക് ഗുരുവായൂരപ്പന്റെ അനുഗ്രവും ലഭിക്കും.
താലിക്കെട്ടിന് ശേഷം ദമ്പതികൾക്ക് നാലമ്പലത്തിനുള്ളിൽ പ്രവേശനമില്ല അതിനാൽ വിവാഹത്തിന് മുൻപ് ഭഗവാനെ തൊഴുത് അനുഗ്രഹം തേടിയിട്ടാണ് വധൂവരന്മാർ മണ്ഡപത്തിൽ പ്രവേശിക്കുക. വിവാഹ വാർഷികത്തിൽ മുടങ്ങാതെ ഗുരുവായൂരപ്പനെ തൊഴാൻ എത്തുന്ന ദമ്പതിമാരുമുണ്ട് .
ഗുരുവായൂരിലെ പ്രസിദ്ധമായ വഴിപാടാണ് കൃഷ്ണനാട്ടം. വിവാഹതടസ്സം മാറുന്നതിനും സന്താനസിദ്ധിക്കും ഭക്തർ കൃഷ്ണനാട്ടം വഴിപാടാക്കാറുണ്ട്. കൂടാതെ ഭഗവാന്റെ ദീപാരാധന തൊഴുന്നത് ദാമ്പത്യവിജയത്തിനും ദീർഘമാംഗ്യത്തിനും ഉത്തമമാണ്.

















