കൊല്ലം: പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയും ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനലും ജനുവരി 10ന് അഷ്ടമുടിക്കായലില്‍ നടക്കും. ഇതിനായി മത്സരങ്ങള്‍ സുഗമമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന സംഘാടകസമിതി യോഗത്തില്‍ തീരുമാനമായി.
വനിതകളുടെ ഉള്‍പ്പെടെ ഒമ്പത് വള്ളം പങ്കെടുക്കും. തേവള്ളി കൊട്ടാരത്തിന് സമീപത്തെ സ്റ്റാര്‍ട്ടിങ് പോയിന്റ് മുതല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തെ ബോട്ടുജെട്ടി വരെ 1100 മീറ്ററിലാണ് മത്സരം. ഫലപ്രഖ്യാപനത്തില്‍ കൃത്യത ഉറപ്പാക്കാന്‍ ആധുനികമായ സാങ്കേതിക വിദ്യകളാണ് സജ്ജമാക്കുക. പരിപാടിയുടെ പ്രചാരണാര്‍ഥം കലാ-കായിക പരിപാടികള്‍ നടത്തും.
എംഎല്‍എ, കലക്ടര്‍ തുടങ്ങിയവരുടെ ടീമുകള്‍ പങ്കെടുക്കുന്ന ഫുട്ബോള്‍, വടംവലി, കബഡി മത്സരങ്ങളും സംഘടിപ്പിക്കും. യോഗത്തില്‍ കലക്ടര്‍ എന്‍ ദേവിദാസ് അധ്യക്ഷനായി. എന്‍ കെ പ്രേമചന്ദ്രന്‍ എംപി, എം നൗഷാദ് എംഎല്‍എ, മേയര്‍ എ കെ ഹഫീസ്, എഡിഎം ജി നിര്‍മല്‍കുമാര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എക്സ് ഏണസ്റ്റ്, റേസ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ കെ കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം സാമ്പത്തിക സഹായം അനുവദിച്ചിരുന്നു. അഷ്ടമുടിക്കായലിന്റെ ആവേശത്തിന് കേന്ദ്രത്തിന്റെ കൈത്താങ്ങ് എന്ന കുറിപ്പോടെയാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി നേരത്തെ ഇക്കാര്യം അറിയിച്ചത്. ദേശീയ പ്രൊമോഷൻ ആൻഡ് പബ്ലിസിറ്റി ഉൾപ്പെടെയുള്ള ഹോസ്പിറ്റാലിറ്റി സ്കീം പ്രകാരം 15 ലക്ഷം രൂപയുടെ അംഗീകാരമാണ് കേരള സർക്കാരിന്റെ അപേക്ഷ പ്രകാരം ലഭിച്ചത്. കേരളത്തിന്റെ പൈതൃകവും സാംസ്കാരിക തനിമയും വിളിച്ചോതുന്ന ഈ ജലോത്സവത്തിന് കേന്ദ്രസർക്കാർ നൽകുന്ന പിന്തുണ, സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്‌ക്ക് വലിയ ഉത്തേജനമാകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.















