സനാതന ധർമ്മം വിവാഹത്തെ പവിത്രമായൊരു കർമ്മമായാണ് കണക്കാക്കുന്നത്. വിവാഹിതയായ സ്ത്രീയണിയുന്ന സിന്ദൂരത്തിനും അതേ പവിത്രതയും പ്രാധാന്യവുമുണ്ട്. മാത്രവുമല്ല ആചാരപരമായും ആരോഗ്യപരമായും ഏറെ ഗുണങ്ങളുമുണ്ട് സിന്ദൂരത്തിന്.
ഹൈന്ദവ വിശ്വാസപ്രകാരം ചുവപ്പ് ശക്തിയുടെ പ്രതീകമാണ്. ദുര്‍ഗ, പാര്‍വ്വതി തുടങ്ങിയ ദേവീ ചൈതന്യങ്ങളെ പൂജിയ്‌ക്കുമ്പോള്‍ പ്രധാനമായും കുങ്കുമം ഉപയോഗിയ്‌ക്കുന്നതും പതിവാണ്. വിവാഹ വേളയില്‍ വരന്‍ വധുവിന്റെ നെറുകയില്‍ തൊടുവിച്ചു കൊടുക്കുന്ന കുങ്കുമം അവളോടുള്ള പുരുഷന്റെ സംരക്ഷണ വാഗ്ദാനമായി കണക്കാക്കുന്നു. ഭർത്താവിന്റെ ദീര്‍ഘായുസിനായും സ്ത്രീകൾ സീമന്ത രേഖയില്‍ സിന്ദൂരമണിയുന്നു. ശിവന്റെ ദീർഘായുസ്സിനായി പാർവതി ദേവി സിന്ദൂരം ഉപയോഗിച്ചിരുന്നുവെന്നും വിശ്വാസമുണ്ട്.

കുങ്കുമത്തിന് നമ്മുടെ ശാരീരിക-മാനസിക ആരോഗ്യവുമായും അഭേദ്യമായ ബന്ധമുണ്ട്. ശരീരം ഊര്‍ജ ബിന്ദു കൂടിയാണ്. നമ്മുടെ ശരീരത്തില്‍ ഏഴ് ഊര്‍ജകേന്ദ്രങ്ങള്‍ അഥവാ ചക്രങ്ങള്‍ ഉണ്ടെന്നാണ് യോഗശാസ്‌ത്രത്തില്‍ പറയുന്നത്. ഊര്‍ജ കേന്ദ്രങ്ങള്‍ എന്ന് പറയപ്പെടുന്ന ഈ സ്ഥാനങ്ങളിലാണ് പ്രധാന അന്തസ്രാവി ഗ്രന്ഥികള്‍ സ്ഥിതി ചെയ്യുന്നത്.
നെറ്റിയും നെറുകയുമെല്ലാം ഇത്തരം ഊര്‍ജ സ്രോതസുകളിൽ പ്രധാനമാണ്. അതിനാൽ നെറ്റിയില്‍ സ്ഥിതി ചെയ്യുന്ന ആജ്ഞാചക്രയുടെ സംരക്ഷണത്തിനായും സിന്ദൂരം അണിയാന്‍ നിര്‍ദ്ദേശിക്കുന്നു. തലയിലെ പിറ്റിയൂറ്ററി ഗ്രന്ഥിയുമായി സിന്ദൂരം ബന്ധപ്പെട്ടിരിയ്‌ക്കുന്നു. നെറുകയോട് അടുപ്പിച്ചു വരുന്ന ഈ ഗ്രന്ഥിയെ ഉത്തേജിപ്പിയ്‌ക്കുന്നതിനും സീമന്ത രേഖയിലെ സിന്ദൂരം സഹായിക്കുന്നു. മഞ്ഞള്‍, നാരങ്ങ എന്നിവ ഉപയോഗിച്ചാണ് കുങ്കുമം ഉണ്ടാക്കുന്നത്. പണ്ട് കാലം മുതല്‍ ആയുര്‍വേദ ചികിത്സാ രംഗത്ത് മഞ്ഞള്‍, നാരങ്ങ എന്നിവയുടെ മിശ്രിതം രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാനും സ്‌ത്രീകളിലെ ഗര്‍ഭധാരണ ശേഷി വര്‍ധിപ്പിക്കാനും ഉപയോഗിച്ചിരുന്നു. നെറുകിൽ തൊടുന്ന സിന്ദൂരത്തെ വെറും സൗന്ദര്യവർദ്ധകവസ്തു മാത്രമായി കാണാതെ ശരിയായ രീതിയിൽ തൊടുന്നത് ആരോഗ്യം പ്രധാനം ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.















