ഗുരുവായൂർ ക്ഷേത്രം ഹൈന്ദവ ജനതയ്ക്ക് ഏറെ പ്രാധാന്യമുള്ള ക്ഷേത്രങ്ങളിലൊന്നാണ് . ഹിന്ദു ആചാരപ്രകാരം ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് താലി ചാർത്തുന്നത് ദീർഘമംഗല്യത്തിനും സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനും സഹായിക്കുമെന്നാണ് വിശ്വാസം.
വിവാഹം കഴിഞ്ഞ ഏറെ നാളുകൾക്കും വർഷങ്ങൾക്കും ശേഷവും ഗുരുവായൂരപ്പനുമുന്നിൽ പരസ്പരം തുളസിമാലയിടാൻ വരുന്ന ദമ്പതികളുടെ എണ്ണവും ഇന്ന് കുറവല്ല. ഇവിടെവെച്ച് പരസ്പരം വിവാഹ ഹാരമണിയുന്നവർ പിരിയാതിരിക്കാൻ ഭഗവാൻ ശ്രമിക്കുമെന്ന് വിശ്വസിക്കുന്ന ഭക്തരാണ് ഇതിലേറിയ പങ്കും.

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം ചെയ്യുന്നവർക്ക് മുഹൂർത്തം ഒരു പ്രശ്നമല്ല. വിവാഹത്തിന് ശുഭകരമല്ലെന്ന് കലണ്ടറുകളിൽ പറയുന്ന ദിവസങ്ങളിൽ പോലും ഇവിടെ വിവാഹം നടക്കാറുണ്ട്. രാവിലെ 5 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഏത് സമയത്തും ഇവിടെ വിവാഹം നടത്താം. ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ വെച്ചാണ് വിവാഹം നടക്കുന്നത്. അതിനായി പ്രത്യേക കല്യാണമണ്ഡപങ്ങളും ഇവിടെയുണ്ട്.

വിവാഹച്ചടങ്ങുകൾ ബുക്ക് ചെയ്യുന്നതിനായി ഗുരുവായൂർ ദേവസ്വവുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്. വധൂവരന്മാരുടെ പ്രായം , വിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ ഇവിടെ ഹാജരാക്കേണ്ടതാണ്. പാരമ്പരാഗരീതിയിലുള്ള വസ്ത്രധാരണം വിവാഹസമയത്ത് നിർബന്ധമാണ്.

ചടങ്ങുകൾ കഴിഞ്ഞയുടനെ ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അനുമതിയില്ല. വിവാഹം ഏതൊരു വ്യക്തിയെ സംബന്ധിച്ചും ജീവിതത്തിലെ അവിസ്മരണീയമായ ഒരു സുദിനമാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതിന് തെരഞ്ഞെടുക്കാൻ കഴിയുന്ന ഉചിതമായ സ്ഥലങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം.















