ഇന്നത്തെ കാലത്ത് സമൂഹത്തിന്റെയോ ബന്ധുക്കളുടെയോ നിർബന്ധം കൂടി വരുന്ന സാഹചര്യത്തിൽ വിവാഹം എന്നതിനെപ്പറ്റി ചിന്തിക്കുന്ന വ്യക്തികളെയാണ് പലപ്പോഴും കണ്ടുവരുന്നത്. എന്നാൽ വിവാഹത്തിന് തയ്യാറെടുക്കുന്നവരും വിവാഹം കഴിച്ചവരും ദാമ്പത്യജീവിതത്തെക്കുറിച്ച് ചില കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് സന്തോഷകരമായ കുടുംബജീവിതത്തിന്റെ യാത്രയ്ക്ക് സഹായകരമാകും.
ഏതൊരു ബന്ധത്തിലും ആദ്യം വേണ്ടത് പരസ്പരം മനസിലാക്കലും വിശ്വാസവുമാണ്. കൂടാതെ പങ്കാളിയെ ബഹുമാനിക്കേണ്ടതും നല്ല കുടുംബജീവിതത്തിന് അടിത്തറയേകും. പരസ്പരം സ്നേഹമുണ്ട് എന്നാൽ പ്രകടിപ്പിക്കാറില്ല എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. വിവാഹമോചനകേസുകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നതും ഇത്തരം പരാതികളാണ്.
പങ്കാളിയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് ദാമ്പത്യജീവിതം ദൃഢമായിരിക്കാൻ കാരണമാകും. ഭാര്യാഭർതൃ ജീവിതത്തിൽ അത്യന്താപേക്ഷിതമായ മറ്റൊന്നാണ് ആശയവിനിമയം. പരസ്പരം സംസാരിക്കാൻ സമയം കണ്ടെത്തേണ്ടത് അനിവാര്യമാണ്. ദാമ്പത്യജീവിഹത്തെ സാരമായി ബാധിക്കുന്ന മറ്റൊന്നാണ് ഈഗോ. താനാണ് ശരിയെന്നും തന്റെ നിലപാടുകൾ പങ്കാളി അനുസരിക്കണമെന്നും വാശി പിടിക്കുന്നതും തെറ്റുകളെ ന്യായീകരിക്കുന്നതും വിവാഹബന്ധങ്ങളിൽ വിള്ളലുകൾ വീഴാൻ കാരണമാകും.
നല്ല ബന്ധങ്ങളിൽ മാപ്പ് കൊടുക്കുക എന്നതിനും വലിയ സ്ഥാനമുണ്ട്. പങ്കാളികൾക്ക് വരുന്ന വീഴ്ചകളെ സൗമ്യമായി, വേദനിപ്പിക്കാത്ത രീതിയിൽ പറഞ്ഞു മനസിലാക്കുന്നതും മാപ്പ് കൊടുക്കുന്നതും ആത്മബന്ധം കൂട്ടാൻ കാരണമാക്കും. മറ്റുള്ളവർക്ക് മുൻപിൽ പങ്കാളിയെ കളിയാക്കുന്ന രീതിയിലുള്ള സംഭാഷണങ്ങളും പരസ്പരമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ മറ്റുള്ളവരുടെ സഹായം തേടുന്നതും പരസ്പരവിശ്വാസം തകർക്കാൻ കാരണമാകും.
ചെറിയ ചെറിയ അഭിനന്ദനങ്ങൾക്കും ദാമ്പത്യജീവിതത്തിൽ ഏറെ പ്രധാന്യമുണ്ട്. പങ്കാളികൾ ചെയുന്ന കാര്യങ്ങൾക്ക് അഭിനന്ദനങ്ങൾ നൽകുന്നത് അവരെ സന്തോഷിപ്പിക്കുവാനും കൂടുതൽ ആന്മബന്ധം അനുഭവപ്പെടാനും കാരണമാകും. വിവാഹം ഒരിക്കലും ഒരു പരീക്ഷണമല്ല. അതുപോലെ തന്നെ ഓരോ വ്യക്തിയും അവരവരുടേതായ രീതിയിൽ വ്യത്യസ്തരാണ് . അത് മനസിലാക്കികൊണ്ടും വ്യക്തികളെ അംഗീകരിച്ചുകൊണ്ടും മുന്നോട്ട് പോകുന്നത് നല്ല കുടുംബജീവിതത്തിന് സഹായകമാകും.















