ന്യൂഡൽഹി : ബംഗാള്‍ സര്‍ക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ എഫ്‌ഐആറിലെ തുടര്‍ നടപടികള്‍ക്ക് സ്റ്റേ.
രാഷ്‌ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പിഎസി ഓഫീസിൽ ഈ മാസം ആദ്യം കേന്ദ്ര ഏജൻസി നടത്തിയ റെയ്ഡുകളിൽ മോഷണക്കുറ്റം ആരോപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ പശ്ചിമ ബംഗാൾ സംസ്ഥാനം രജിസ്റ്റർ ചെയ്ത കേസുകളാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത് .സുപ്രീം കോടതിയുടെ നിലപാട് ടിഎംസി നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാരിന് കനത്ത തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി റെയ്ഡ് തടസ്സപ്പെടുത്തിയെന്നാരോപിച്ച് ഇഡി സമർപ്പിച്ച ഹർജിയിലും സുപ്രീം കോടതി മമതയ്‌ക്കെതിരെ പരാമർശങ്ങൾ നടത്തി. ഹർജി കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതായി കോടതി നിരീക്ഷിച്ചു.
റെയ്ഡ് തടസ്സപ്പെടുത്തി എന്ന ഹർജിയിൽ ബംഗാള്‍ സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്‌ക്കകം നോട്ടീസിന് മറുപടി നല്‍കണം. ബംഗാളിൽ ഇഡിയുടെ അന്വേഷണം തടസപ്പെടുത്തിയത് കടന്ന നടപടി എന്ന് സുപ്രീം കോടതി പറഞ്ഞു . പരിശോധനയിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. പശ്ചിമ ബംഗാൾ ഡിജിപി രാജീവ് കുമാറിനെ സസ്‌പെൻഡ് ചെയ്യണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടികൾ ആരംഭിക്കാൻ പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പിനോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും നിർദ്ദേശിക്കണമെന്ന് ഇഡി സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു















