തിരുവനന്തപുരം: ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിനെതിരേ കേസ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസാണ് കേസെടുത്തത്. കുമാരപുരം സ്വദേശി അലക്സിന്റെ പരാതിയിലാണ് നടപടി.
ഫ്ലാറ്റ് നിർമിച്ച് വിൽക്കുന്നതിന് ഷിബു ബേബി ജോണും ആൻഡ എന്ന കൺസ്ട്രക്ഷൻ കമ്പിനിയുമായി കരാറുണ്ടായിരുന്നു. ഫ്ലാറ്റ് നിർമാണത്തിനുള്ള ഭൂമി ഷിബു ബേബി ജോണിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ളതാണ്.
2020 ഒക്ടോബറിൽ പരാതിക്കാരനായ അലക്സ്, ഷിബു ബേബി ജോണിന്റെ സാന്നിധ്യത്തിൽ 15 ലക്ഷം രൂപ കൺസ്ട്രക്ഷൻ കമ്പനിക്ക് കൈമാറി. 2022 ഓഗസ്റ്റിൽ ഫ്ലാറ്റ് നൽകുമെന്ന് കരാറിൻ മേലായിരുന്നു പണം നൽകിയത്. എന്നാൽ വർഷം അഞ്ച് കഴിഞ്ഞിട്ടും പരാതിക്കാരന് ഫ്ലാറ്റ് ലഭിച്ചില്ല.
തുടർന്ന് തട്ടിപ്പിനിരയായെന്നും പണംതിരികെ വേണമെന്നും ആവശ്യപ്പെട്ട് അലക്‌സ് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഷിബു ബേബി ജോണിന്റെ സഹോദരങ്ങളും കേസിൽ പ്രതികളാണ്. മുൻപും പരാതിയുമായി അലക്സ് പൊലീസിനെ സമീപിച്ചെങ്കിലും സിവിൽ കേസ് എന്ന പേരിൽ ഇത് ലഘൂകരിക്കുകയായിരുന്നു.
അതേസമയം, താൻ പണം വാങ്ങിയിട്ടില്ലെന്നും പരാതിക്കാരനെതിരെ മാനനഷ്ടക്കേസ് നൽകുമെന്നുമാണ് ഷിബു ബേബി ജോൺ പറയുന്നത്.















