ന്യൂഡൽഹി: മഹാനായ തമിഴ് തത്ത്വചിന്തകനും കവിയുമായ തിരുവള്ളുവരുടെ ഓർമ്മക്കായി കൊണ്ടാടുന്ന തിരുവള്ളുവർ ദിനത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി. ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള ഒരു ക്ലാസിക് തമിഴ് ഗ്രന്ഥമായ തിരുക്കുരൾ വായിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവരോടും അഭ്യർത്ഥിച്ചു. കാലാതീതമായ കൃതികളും ആശയങ്ങളും കൊണ്ട് തലമുറകളോളം അനവധി ആളുകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന ബഹുമുഖ പ്രതിഭയാണ് തിരുവള്ളുവർ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്മരിച്ചു.
ഐക്യത്തിലും അനുകമ്പയിലും വേരൂന്നിയ ഒരു സമൂഹത്തെയാണ് തിരുവള്ളുവർ വിഭാവനം ചെയ്തതെന്നും ആ മൂല്യങ്ങൾ ഇന്നത്തെ ലോകത്ത് അങ്ങേയറ്റം പ്രസക്തമായി തുടരുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി. ജ്ഞാനത്തിന്റെയും ഐക്യത്തിന്റെയും ദീപസ്തംഭമായി നിലകൊള്ളുന്ന തിരുവള്ളുവർ, തമിഴ് സംസ്കാരത്തിന്റെ ഏറ്റവും മികച്ച വശങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.കവിയും സന്യാസിയുമായ തിരുവള്ളുവരുടെ ഗഹനമായ പ്രബോധനങ്ങളിൽ മുഴുകാൻ പൗരന്മാരോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
“ഇന്ന്, തിരുവള്ളുവർ ദിനത്തിൽ, എണ്ണമറ്റ ആളുകളെ പ്രചോദിപ്പിക്കുന്ന വൈവിധ്യമാർന്ന കഴിവുള്ള തിരുവള്ളുവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു,” മോദി എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
“ഐക്യവും കാരുണ്യവും നിറഞ്ഞ ഒരു സമൂഹത്തിൽ അദ്ദേഹം വിശ്വസിച്ചിരുന്നു. തമിഴ് സംസ്കാരത്തിന്റെ ഏറ്റവും മികച്ച വ്യക്തിത്വമാണ് അദ്ദേഹം. മഹാനായ തിരുവള്ളുവരുടെ മികച്ച ധിഷണാശക്തിയുടെ ഒരു നേർക്കാഴ്ച നൽകുന്ന തിരുക്കുറൽ വായിക്കാൻ ഞാൻ നിങ്ങളോടെല്ലാം അഭ്യർത്ഥിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു.
എല്ലാ വർഷവും പൊങ്കൽ ആഘോഷത്തോടൊപ്പമാണ് (തൈ മാസം രണ്ടാം ദിവസം) തിരുവള്ളുവർ ദിനം ആഘോഷിക്കുന്നത്.















