കൽപ്പറ്റ: വയനാട്ടിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ടി സിദിഖ് എംഎൽഎയുടെ ഓഫീസ് ജീവനക്കാരൻ ഭാരവാഹിത്വം രാജിവെച്ചു.
കൽപ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡണ്ടും കർഷക കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയുമായ സാലി റാട്ടകൊല്ലിയാണ് രാജിവെച്ചത്. സംഘടനയ്‌ക്ക് നേതൃത്വം കൊടുക്കുന്നവർ പല തവണ വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടി സാലി ഡിസിസി പ്രസിഡൻറിന് രാജി കത്ത് നൽകി.
സംഘടനയ്‌ക്ക് വേണ്ടി പോരാടിയവരെ മറക്കുന്ന നേതൃത്വത്തോടുള്ള പ്രതിഷേധമാണെന്നും കത്തിൽ പറയുന്നു. 13 ലധികം കേസുകളിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടും കോൺഗ്രസ് കൂടെ നിന്നില്ലെന്നും ഇതിൽ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ കൽപ്പറ്റ നഗരസഭയിൽ സാലി റാട്ടകൊല്ലിക്ക് സീറ്റ് നിഷേധിച്ചിരുന്നു.















