ചങ്ങനാശേരി: സമുദായങ്ങൾ തമ്മിൽ ഐക്യം വേണമെന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായത്തോട് യോജിക്കുന്നെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻഎസ്എസുമായി സഹകരിച്ച് പ്രവർത്തിക്കണമെന്ന് വെള്ളാപ്പള്ളി നടേശനും എസ്എൻഡിപിയും ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
21ാം തീയതി യോഗം കൂടി തീരുമാനിക്കുമെന്ന അർത്ഥത്തിലാണ് ഞങ്ങൾ സംസാരിച്ചത്. ഇന്നും ആ രീതിയിൽ തന്നെയാണ് സംസാരിച്ച് കേട്ടത്. എൻഎസ്എസിനും അതിന് താൽപര്യമുണ്ട്. കാരണം അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മനസിലാക്കുന്നു. എൻഎസ്എസും നേതൃത്വവുമായി ആലോചിച്ച് അനുകൂലമായ തീരുമാനമെടുക്കുമെന്നത് തന്നെയാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സമുദായങ്ങൾ തമ്മിലുള്ള ഐക്യം വ്യക്തിപരമായും സംഘടനാപരവുമായി ആവശ്യമാണെന്ന് എനിക്ക് തോന്നുന്നുണ്ട്. എൻഎസ്എസ് ഐക്യത്തിന് പോകുന്നത് സംഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ നിലനിർത്തിക്കൊണ്ടാണ്. ഒരു സമുദായമായിട്ടോ മതവുമായിട്ടോ വിരോധങ്ങളുള്ള തലത്തിൽ പെരുമാറുന്നതിനോ ഒന്നും ഞങ്ങൾ വഴിവയ്ക്കുകയില്ല. അടിസ്ഥാന മൂല്യങ്ങൾ നിലനിർത്തിക്കൊണ്ട്, എല്ലാവരുമായി യോജിച്ച് ഹൈന്ദവ സംഘടനയിലെ പ്രബല സമുദായങ്ങളായ എസ്എൻഡിപിയും എൻഎസ്എസും തമ്മിൽ ഒന്നിക്കുന്നതിൽ എന്താ തെറ്റ്?’- സുകുമാരൻ നായർ ചോദിച്ചു.
‘സംവരണ പ്രശ്നമുണ്ടായപ്പോൾ അകന്നുനിന്നു. ഇന്നത് വിഷയമല്ലാതെ മാറിക്കഴിഞ്ഞിരിക്കുന്നു. ആ സാഹചര്യത്തിൽ രണ്ട് പേരും യോജിച്ചുപോകേണ്ടവരാണ്. എല്ലാ മതവിഭാഗങ്ങളോടും രാഷ്ട്രീയപാർട്ടികളോടും ഒരേ സമീപനം. അതാണ് അടിസ്ഥാനമൂല്യങ്ങളിൽ പ്രധാനം. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരത്തിലാണ്. സമൂഹിക പ്രശ്നങ്ങൾ എവിടെ നിന്നുണ്ടായാലും അതിനെ വിമർശിക്കുന്ന സാഹചര്യം നിലനിർത്തിക്കൊണ്ടാണ് എൻഎസ്എസ് ഇങ്ങനെ ഒരു ഐക്യം ആഗ്രഹിക്കുന്നത്’- സുകുമാരൻ നായർ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തു വന്നു . സമുദായസംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച നേതാവ് സിനഡ് യോഗം ചേര്‍ന്നപ്പോള്‍ അവിടെ പോയത് തിണ്ണനിരങ്ങാനല്ലേയെന്ന് സുകുമാരന്‍ നായര്‍ ചോദിച്ചു. വർഗീയതയ്ക്കെതിരെ സംസാരിക്കാൻ സതീശന് എന്ത് യോഗ്യതയാണ് ഉള്ളതെന്നും സുകുമാരൻ നായർ ചോദിച്ചു. തനിക്കെതിരെയും സതീശൻ എന്തൊക്കയോ പറഞ്ഞിട്ടുണ്ട്. സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുന്നത് ശരിയല്ല.
സമുദായങ്ങൾക്കെതിരെ ഇത്രയും മോശമായി സംസാരിച്ച മറ്റൊരാളില്ല. അയാൾ എൻ എസ് എസിനെതിരെയും രൂക്ഷമായി പറഞ്ഞു. സമുദായങ്ങൾക്കെതിരെ പറഞ്ഞയാൾ അതിൽ ഉറച്ചുനിൽക്കണമായിരുന്നു. അല്ലാതെ തിണ്ണ നിരങ്ങാൻ നടക്കരുതായിരുന്നു എന്നും സുകുമാരൻ നായർ വിമർശിച്ചു. സതീശനെ കോൺഗ്രസ് അഴിച്ചു വിട്ടിരിക്കുന്നു. നയപരമായ വിഷയങ്ങൾ തീരുമാനിക്കാൻ സതീശന് എന്ത് അധികാരം. കോൺഗ്രസിന് പ്രസിഡന്റ് ഇല്ലേ. കെ പി സി സി പ്രസിഡന്റ് നോക്കുകുത്തി ആണോ. എല്ലാത്തിനും കേറി സതീശൻ എന്തിനാണ് മറുപടി പറയുന്നത്. സതീശനേ അഴിച്ചു വിട്ടാൽ കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ അടി കിട്ടുമെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു.
വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയ വിവാദം ബാലിശമാണ്. ഈ പറയുന്നവരൊക്കെ കാർ കാണും മുൻപേ സ്വന്തം കാറിൽ സഞ്ചരിച്ചവനെയാണ് ആക്ഷേപിക്കുന്നത്. ഇങ്ങനെ മുന്നോട്ടുപോയാൽ കോൺഗ്രസിന് അടി കിട്ടും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രക്ഷിക്കണമെന്ന് പറഞ്ഞ് ഇവിടെ വന്ന് തിണ്ണയിൽ ഇരുന്ന് നിരങ്ങിയില്ലേ. ഞാൻ പറവൂരിലെ യൂണിയൻ പ്രസിഡന്റിനെ വിളിച്ചുപറഞ്ഞു ഇദ്ദേഹത്തെ ജയിപ്പിക്കണമെന്ന്. എന്നിട്ടാണ് സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങരുതെന്ന് പറയുന്നത്’’ – സുകുമാരൻ നായർ പറഞ്ഞു.
‘‘എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമുദായങ്ങളോടും സമദൂരമായിരിക്കും. എന്റെ വ്യക്തിപരമായ അഭിപ്രായമാണിത്. എൻഎസ്എസ് നേതൃത്വമായി സംസാരിച്ച് തീരുമാനിക്കും.സുകുമാരൻ നായർ പറഞ്ഞു















