കോട്ടയം: ഐക്യത്തിനാഹ്വാനം ചെയ്ത് എസ്എൻഡിപി യോഗം മുന്നോട്ടു വെച്ച പ്രമേയത്തെ സ്വാഗതം ചെയ്ത് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻഎസ്എസുമായുള്ള ഐക്യത്തിന് എസ്എൻഡിപി യോഗം കൗൺസിലിൽ അംഗീകാരം നൽകിയെന്ന് വെള്ളാപ്പള്ളി നടേശൻ അറിയിച്ചതിന് പിന്നാലെയായിരുന്നു ജി സുകുമാരൻ നായരുടെ പ്രതികരണം. ഐക്യമെന്നത് ഉറപ്പാണെന്നും എസ്എൻഡിപിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും സുകുമാരൻ നായർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചർച്ചയ്‌ക്കായി എത്തുന്ന തുഷാർ വെള്ളപ്പള്ളിയെ മകനെ പോലെ സ്വീകരിക്കും. വെള്ളാപ്പള്ളി നടേശന് സ്നേഹത്തോടെ നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘എസ്എൻഡിപിയും എൻഎസ്എസും തമ്മിലുള്ള ഐക്യം ബലപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. തങ്ങളുടെ അടിസ്ഥാനമൂല്യങ്ങൾക്ക് കോട്ടംവരാത്ത രീതിയിൽ എൻഎസ്എസും എസ്എൻഡിപിയും യോജിച്ചുപോകും. അവർ വരട്ടെ, അവർ വരുമ്പോൾ കാര്യങ്ങൾ സംസാരിച്ച് എങ്ങനെ വേണമെന്ന് തീരുമാനിക്കും. അവരുമായുള്ള ചർച്ച കഴിഞ്ഞിട്ട് എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം വിളിച്ചുകൂട്ടി ഈ കാര്യങ്ങളെല്ലാം അവിടെ വിശദീകരിക്കും.
അവിടെ തീരുമാനമെടുത്തിട്ട് പറയും. ഐക്യമെന്നത് ഉറപ്പാണ്. എൻഎസ്എസും എസ്എൻഡിപിയും ഹിന്ദുസമുദായത്തിലെ പ്രബലസമുദായങ്ങളാണ്. അവർ യോജിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അത് വെള്ളാപ്പള്ളി ഉന്നയിക്കുന്നു. നമ്മൾ അത് സ്വാഗതം ചെയ്യുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഐക്യം തുടരും. എൻഎസ്എസ് – എസ്എൻഡിപി ഐക്യത്തിൽ ആശങ്ക രാഷ്‌ട്രീയക്കാർക്ക് മാത്രം. തുഷാർ വെള്ളാപ്പള്ളിയെ മകനെപോലെ സ്വീകരിക്കും. പക്ഷേ രാഷ്‌ട്രീയ നേതാവായി പെരുന്നയിലേക്ക് സ്വീകരിക്കില്ല. ശബരിമല സ്വർണക്കൊള്ള കേസിൽ ശക്തമായ നടപടിവേണം. സ്വർണക്കൊള്ളയിൽ തെറ്റ് ചെയ്ത എല്ലാവരും ശിക്ഷ അനുഭവിക്കണം’- സുകുമാരൻ നായർ വ്യക്തമാക്കി.
“രാഷ്‌ട്രീയക്കാർക്കാണ് എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിൽ ആശങ്കയുള്ളത്. ഞങ്ങൾക്ക് ഒരു ആശങ്കയുമില്ല. ഡയറക്ടർ ബോർഡിലും ആരും എതിർക്കില്ല. അവർക്കും ഇതിനോട് യോജിപ്പാണുള്ളത്. എന്നാൽ എൻഎസ്എസ് അതിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്നും മാറില്ല. സമദൂരനിലപാടുമായി മുന്നോട്ട് പോകും. ഹിന്ദുക്കളുടെ യോജിപ്പില്ലാത്തത് വെല്ലുവിളിയാണ്” . പെരുന്നയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജി. സുകുമാരൻ നായർ.
എൻഎസ്എസുമായി ഐക്യത്തിന് എസ്എൻഡിപി യോഗം കൗൺസിലിന്റെ പ്രത്യേക യോഗം അംഗീകാരം നൽകിയിരുന്നു. നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ മുന്നേറ്റം അനിവാര്യമെന്ന് പ്രമേയം പ്രസ്താവിക്കുകയും തുടർ ചർച്ചകൾക്ക് തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വാർത്താസമ്മേളനം വിളിച്ച് എസ്എൻഡിപി നേതൃത്വത്തെ പെരുന്നയിലേക്ക് സ്വാഗതം ചെയ്തത്.
എസ് എൻഡിപി യോഗത്തിന്റെ നിർണ്ണായക യോഗത്തിലെ തീരുമാനമനുസരിച്ച് നായാടി മുതൽ നസ്രാണിവരയുള്ള ജനവിഭാഗവുമായുള്ള സഖ്യത്തിന് യോഗം ഉപാധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി. ഇതിനായി എൻ.എസ്.എസുമായുള്ള ചർച്ചക്ക് ഇന്ന് ജി. സുകുമാരൻ നായരോട് സമയം ചോദിക്കും.















