കൊല്ലം: പത്തനാപുരത്ത് പൊലീസ് വാഹനം ഇടിച്ച് തകർത്ത ശേഷം കടന്നു കളഞ്ഞ കാപ്പാക്കേസ് പ്രതി അറസ്റ്റിൽ. തമിഴ്നാട്ടിൽ നിന്നാണ് സജീവിനെ പത്തനാപുരം പൊലീസ് പിടികൂടിയത്. മുടിയും മീശയും താടിയും വെട്ടിയ ശേഷമാണ് പ്രതിയായ സജീവ് തമിഴ്നാട്ടിലേക്ക് കടന്നത്. പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സജീവിനെ സാഹസികമായിട്ടാണ് കീഴടക്കിയത്.
ക്ഷേത്രത്തിൽ നായയുമായെത്തി അതിക്രമം കാട്ടുന്നതിനിടെയാണ് കാപ്പക്കേസ് പ്രതി പൊലീസ് വാഹനങ്ങൾ ഉൾപ്പെടെ തകർത്തത്. പത്തനാപുരം സി ഐ ബിജു ആർ ,എസ് ഐ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സജീവിനെ അറസ്റ്റ് ചെയ്തത്. സജീവ് മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് പൊലീസിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
കഴിഞ്ഞ ദിവസം അർദ്ധരാത്രി പിടവൂർ പുത്തൻകാവ് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലായിരുന്നു സംഭവം. ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം നടക്കുകയായിരുന്നു. ഇതിന്ർറെ ഭാഗമായുള്ള അന്നദാനത്തിന് ഭക്ഷണം തയ്യാറാക്കുന്നിടത്തേക്ക് നായയുമായി എത്തിയാണ് സജീവ് ആദ്യം ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. പത്തനാപുരം പൊലീസ് സ്ഥലത്തെത്തി ഇയാളെ പറഞ്ഞയച്ചു. അൽപ്പസമയം കഴിഞ്ഞ് തിരിച്ചെത്തിയ പ്രതി ക്ഷേത്രം ഭാരവാഹികളുടെ വാഹനങ്ങൾ അടിച്ച് കർക്കുകയും പൊട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്നാണ് പൊലീസ് ജീപ്പിന് നേരെ ഇയാൾ തിരിഞ്ഞത്. തന്റെ ജീപ്പ് ഉപയോഗിച്ച് പൊലീസ് വാഹനം ഇടിച്ച് തെറിപ്പിക്കുകയും മറിച്ചിടാൻ ശ്രമിക്കുകയും ചെയ്തു. ആക്രമണത്തിൽ സിവിൽ പോലീസ് ഓഫീസർ അനീഷിന് പരിക്കേറ്റിരുന്നു.















