മധുവിധു ആഘോഷിക്കാൻ എങ്ങോട്ട് പോകണം എന്ന് ദമ്പതികൾ വിവാഹപൂർവ്വ നാളുകളിൽ തന്നെ തീരുമാനിക്കുന്ന കാലമാണിത്. ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും ആദ്യം മനസ്സിൽ വരുന്ന ഇടം മലനിരകളുടെ രാജകുമാരിയായ കൊടൈക്കനാൽ ആയിരിക്കും
കണ്ടാലും ഒരു ജന്മം അനുഭവിച്ചാലും തീരാത്ത യാത്രാനൂഭൂതികളാണ് ഓരോ മനുഷ്യർക്കും ഓരോ യാത്രയിലും കൊടൈക്കനാല്‍ സമ്മാനിക്കുന്നത്. ഇന്നത്തെ തിരക്കുള്ള ജീവിതത്തിൽ കൊടൈക്കനാല്‍ നല്‍കുന്ന നവീകരണം ഏറെ വലുതാണ്. അത് മനസ്സിനെയും ശരീരത്തിനെയും ആത്മാവിനെയും തണുപ്പിക്കും. തണുപ്പാസ്വദിച്ചുള്ള ഓരോ യാത്ര കൾക്കും ഓരോ വൈബാണുള്ളത്. ഒരിക്കലും മടുപ്പിക്കാറില്ല.
മുൻപൊക്കെ മധ്യവേനവധി കാലത്തു സഞ്ചാരികള്‍ ഒഴുകിയെത്തുന്ന പതിവ് ഡെസ്റ്റിനേഷനായിരുന്നു കൊടൈക്കനാൽ. കുട്ടികളുടെ സ്‌കൂള്‍ എസ്‌കര്‍ഷനുകളുടെ സ്ഥിരം താവളം. എന്നാൽ പിന്നീട് മുതല്‍ ഹണിമൂണ്‍ കാരുടെ ചാകരയായി കൊടൈക്കനാലിൽ. ഇക്കാലത്ത് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ഹിറ്റായതോടെ കൊടൈക്കനാൽ യാത്രകൾ റീലോഡായി പുതു ചരിത്രം തന്നെ കുറിക്കുകയാണ്.
വെള്ളച്ചാട്ടങ്ങള്‍, കോക്കേഴ്‌സ് വാക്ക്, പൈന്‍ തോട്ടങ്ങള്‍, ഗുണ ഗുഹ, തടാകങ്ങള്‍, ഗ്രീന്‍ വാലി വ്യൂ, ഷെബാംഗനൂര്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി, സയന്‍സ് ഒബ്‌സര്‍വേറ്ററി, പില്ലര്‍ റോക്ക്‌സ്, സില്‍വര്‍ കാസ്‌കേഡ്, ഡോള്‍ഫിന്‍സ് നോസ്, കുറിഞ്ഞി ആണ്ടവര്‍ മുരുകക്ഷേത്രം തുടങ്ങി വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കൊണ്ടു സമ്പന്നമാണ് കൊടൈക്കനാൽ. സമുദ്രനിരപ്പില്‍ നിന്നും 2133 മീറ്റര്‍ ഉയരമുള്ള ഈ ഹിൽ സ്റ്റേഷൻ ദിണ്ടിഗല്‍ ജില്ലയില്‍ പരപ്പാര്‍, ഗുണ്ടാര്‍ എന്നീ താഴ്‌വരകള്‍ക്കിടയിലാണ് സ്ഥിതിചെയ്യുന്നത്.
ഏറെ നോസ്റ്റാള്‍ജിക് മെമ്മറികള്‍തരുന്ന കൊടൈക്കനാൽ ഹണിമൂൺ ദമ്പതികളെ കൂടാതെ എല്ലാത്തരം ആളുകളെയും തന്നിലേക്ക് മാടിവിളിക്കുന്നു.















