തൃശ്ശൂർ: തമ്മിലടി രൂക്ഷമാകുന്നതിനിടെ തൃശ്ശൂർ ജില്ലയിലെ ഏഴു മണ്ഡലങ്ങളിൽ പ്രാഥമിക സ്ഥാനാർത്ഥി നിർണ്ണയം പൂർത്തീകരിച്ച് കോൺഗ്രസ് സംസ്ഥാന നേതൃത്വം. സിറ്റിംഗ് സീറ്റായ ചാലക്കുടിക്ക് പുറമേ തൃശ്ശൂർ , ഒല്ലൂർ, മണലൂർ, കൊടുങ്ങല്ലൂർ, കുന്നംകുളം, ചേലക്കര തുടങ്ങിയ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിലാണ് തീരുമാനമായത്.
എഐസിസി സെക്രട്ടറിയായ ടി. എൻ. പ്രതാപൻ മണലൂരിൽ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഒ. ജെ ജെനീഷ് കൊടുങ്ങല്ലൂരിൽ മത്സരിക്കും. യുഡിഎഫ് ജില്ലാ ചെയർമൻ ടി.വി ചന്ദ്രമോഹനായിരിക്കും തൃശ്ശൂരിൽ സ്ഥാനാർത്ഥി. കെപിസിസി സെക്രട്ടറി ഷാജി കോടംകണ്ടത്തിനെയാണ് ഒല്ലൂരിൽ പരിഗണിക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറി കെ.വി ദാസനായിരിക്കും ചേലക്കരയിൽ മത്സരിക്കുക. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സോയാ ജോസഫ് കുന്നംകുളത്ത് സ്ഥാനാർഥിയാകും. സിറ്റിംഗ് എംഎൽഎ സനീഷ് കുമാർ ജോസഫ് ചാലക്കുടിയിൽ വീണ്ടും മത്സരിക്കും.
അതേസമയം സ്ഥാനാർത്ഥികളുടെ പേരുകൾ ഉയർന്നതോടെ കടുത്ത എതിർപ്പുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്. നേതൃത്വം നിശ്ചയിച്ചിട്ടുള്ള സ്ഥാനാർത്ഥികൾക്ക് വിജയസാധ്യത ഇല്ലെന്നാണ് ഇവരുടെ വാദം. അടാട്ട് പഞ്ചായത്ത് പ്രസിഡൻ്റായ അനിൽ അക്കരെയും നിയമസഭാ മത്സരത്തിന് ഒരുങ്ങുന്നു എന്നാണ് വിവരം. കുന്നംകുളം വടക്കാഞ്ചേരി മണ്ഡലങ്ങളിലാണ് അനിൽ അക്കര കണ്ണു വെച്ചിരിക്കുന്നത്















