വിവാഹ വേദികളിൽ സുഗന്ധം പടർത്തിയിരുന്ന മുല്ലപ്പൂ വിട വാങ്ങുന്നു. തീ വിലയാണ് കാരണം. മുല്ലപ്പൂവിന് വിപണിയിൽ കിലോയ്‌ക്ക് 7,000 മുതൽ 8,000 രൂപ വരെയായി. കഴിഞ്ഞവർഷം ഇതേസമയത്ത് 4,000 രൂപയായിരുന്നു. ഒരുമുഴം മൂല്ലപ്പൂവില മൊത്തവിപണിയിൽ 130-160 രൂപയും ചില്ലറവിപണിയിൽ 190-210 രൂപയുമായി.
വിവാഹ വേദികളിലെ ഒഴിച്ചു കൂടാനാവാത്തതാണ് മുല്ലപ്പൂ. വധു മുതൽ, ബന്ധുക്കൾ, കുട്ടികൾ വരെയും, മണിയറയും മുല്ലപ്പൂവിന്റെ പരിമളത്തിലായാലേ മലയാളിക്ക് വിവാഹം പൂർണമാവൂ. എന്നാൽ ഇതെല്ലാം ഇപ്പോൾ പഴംകഥയാവുകയാണ്. തീവിലയായതോടെ ചെറുകിട വിവാഹ വേദിയിൽ നിന്നല്ലാം മുല്ലപ്പൂ വിട വാങ്ങി. ആർഭാട വിവാഹങ്ങളിലും സൽക്കാരങ്ങളിലും മുല്ലക്ക് നിയന്ത്രണം വന്ന നിലയിലാണ്.
ഓണവിപണിയിലെ വിലയെക്കാൾ 25 ശതമാനംവരെ വർധനയാണ് നിലവിലുണ്ടായിരിക്കുന്നത്. വിവാഹം, ഉത്സവകാലം, പൊങ്കൽ ആഘോഷം, ഉത്പാദനക്കുറവ്, ഉയർന്ന ആവശ്യം എന്നിവയാണ് വിലകൂടാൻ കാരണം എന്നാണ് വ്യാപാരികൾ പറയുന്നത്. മഴയും മഞ്ഞും ഉത്പാദനം കുറയാനും കാരണമായി.
തമിഴ് നാട്ടിലെ ദിണ്ടിക്കലിൽ നിന്നാണ് മുല്ല ഏറ്റവും അധികം കേരളത്തിലെത്തുന്നത്.തമിഴ്‌നാട് മുല്ലക്കു പകരം മണമില്ലാത്ത മുല്ല വരുന്നുണ്ടെങ്കിലും ഇത് വാങ്ങാൻ ആളുകൾ കുറവാണ്.















