പിണറായി വിജയൻ നേതൃത്വം നൽകുന്ന കമ്യൂണിസ്റ്റ് സർക്കാരിനെതിരെ കൂടുതൽ ഇടത് സഹായാത്രികർ രംഗത്ത്. കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദന് പിന്നാലെ സാറാ ജോസഫാണ് വിമർശനവുമായി എത്തിയിരിക്കുന്നത്. കേരളത്തിൽ ഇനി തുടർഭരണം വേണ്ടന്നും നല്ല ഭാവിക്ക് അതാണ് നല്ലാതെന്നും സാറാ ജോസഫ് പറഞ്ഞു.
ജനങ്ങളുടെ ശബ്ദം പ്രീണനം ഇല്ലാതെ ഉയർന്നു വരേണ്ട സമയമാണിത്. ജനാധിപത്യത്തിൽ സാധാരണ ജനങ്ങളുടെ ശബ്ദം ഉയർന്നു കേൾക്കണം. അല്ലെങ്കിൽ ജനാധിപത്യത്തെ നാശത്തിലേക്ക് നയിക്കും. കേരളത്തിലെ തുടർഭരണം മാറണം, അതാണ് നല്ലത്. ഒരേ താളത്തിൽ പോകുന്നതിനു പകരം മാറ്റം അനിവാര്യമാണ്. ബംഗാളിലെ പാർട്ടിയുടെ തകർച്ച ജനം കണ്ടതാണ്. കേരളത്തിൽ ഏകാധിപത്യ പ്രവണത അതിരൂക്ഷമായ കാലഘട്ടമാണിത്. അതുകൊണ്ട് മാറ്റം അനിവാര്യമാണ്.
അധികാരത്തിൽ നിൽക്കാൻ വേണ്ടി നിലപാടുകളിൽ വെള്ളം ചേർക്കുകയാണ് കേരള സർക്കാർ. ഓരോ മതങ്ങളും അവരുടെ സ്വന്തം നിലയിൽ മത്സരിക്കാം. എന്തിനാണ് അവർ രാഷ്ട്രീയ കക്ഷികളുടെ ഭാഗമായി നിൽക്കുന്നത്. രാഷ്ട്രീയ കക്ഷികളുടെ ചേരിയിൽ നിന്ന് മത്സരിക്കേണ്ട കാര്യമില്ല. മതവും രാഷ്ട്രീയം കൂട്ടുകൂടുമ്പോൾ ജനാധിപത്യത്തിന് നാശം സംഭവിക്കുമെന്നും സാറാ ജോസഫ് പറയുന്നു.















