വിവാഹത്തിന് താലിമാല പോലെത്തന്നെ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന ഒന്നാണ് വിവാഹ മോതിരവും. വിവാഹത്തിനോ വിവാഹനിശ്ചയത്തിനോ വധൂവരന്മാർ പരസ്പരം അണിയുന്ന മോതിരം വളരെ വിശേഷപ്പെട്ടതായി കണക്കാക്കുന്നവർ ഏറെയാണ്.
സാധാരണയായി വലതുകൈയിലെ നാലാമത്തെ വിരലിലാണ് വിവാഹമോതിരം ഇടുന്നത്. ഇതിനെ മോതിര വിരൽ എന്നാണ് പൊതുവേ വിശേഷിപ്പിക്കുന്നത്. എന്നാൽ പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനത്താൽ ഇപ്പോൾ ഇടതുകൈയിലെ നാലാമത്തെ വിരലും തെരഞ്ഞെടുക്കുന്നവരുടെ എണ്ണവും വർധിച്ചുവരുന്നുണ്ട്. പലയിടങ്ങളിലും വിവാഹങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളും വിശ്വാസങ്ങളും വ്യത്യസ്തമാണല്ലോ.. ആയതിനാൽത്തന്നെ ചിലയിടങ്ങളിൽ വധു ഇടതു കൈയിലും വരൻ വലതു കൈയിലും മോതിരം ധരിക്കുന്ന പതിവും കണ്ടുവരുന്നു.
വിവാഹം വ്യത്യസ്ത രീതികളിലാണ് നടക്കുന്നതെങ്കിലും പൊതുവായി താലി കെട്ടുന്നതും മോതിരം പരസ്പരം അണിയുന്നതും സാധാരണയായി കണ്ടുവരുന്നു. വിവാഹത്തെ പരസ്പരമുള്ള വിശ്വാസത്തിന്റെയും ഒത്തുചേരലിന്റെയും പ്രതീകമായി വ്യക്തികൾ കാണുന്നു. വിവാഹമോതിരം പ്രണയം, പ്രതിബദ്ധത, ശാശ്വതമായ ബന്ധം, വാഗ്ദാനങ്ങൾ, ആഴത്തിലുള്ള ബന്ധം എന്നിവയെ പ്രതിനിധീകരിക്കുന്നു.















