കണ്ണേറ് തട്ടുന്നതിൽ നിന്ന് രക്ഷ നേടാൻ കുഞ്ഞുങ്ങൾക്ക് കണ്ണെഴുതിക്കുന്ന പതിവ് കാലങ്ങളായി തുടർന്നുപോരുന്ന ഒന്നാണ്. എന്നാൽ ഇതിനു പിന്നിൽ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് എന്ന് നമ്മൾ പലരും വിസ്മരിച്ചുപോകുന്നു.
ഇന്നത്തെ കാലത്ത് പല തരത്തിലുള്ള കെമിക്കലുകൾ മിക്സ് ചെയ്താണ് പല കണ്മഷികളും വിപണിയിലെത്തുന്നത്. ഒരുപാട് നേരംമായാതെ നിൽക്കുന്ന തരത്തിലും , വെള്ളം തട്ടിയാലും മായാത്തതുമായ തരത്തിലുള്ള കണ്മഷികൾ ഇന്ന് ലഭ്യമാണ്. എന്നാൽ വളരെ സെൻസിറ്റീവ് ആയ കുഞ്ഞുങ്ങളുടെ ചർമ്മത്തിലേക്ക് ഇത്തരം വീര്യം കൂടിയ കണ്മഷികൾ ഉപയോഗിക്കുന്നതുവഴി പല തരത്തിലുള്ള ചർമ്മ രോഗങ്ങളാണ് കുഞ്ഞുങ്ങളെ കാത്തിരിക്കുന്നത്. കണ്ണ് തട്ടാതിരിക്കുക എന്ന ഉദ്യമത്തിൽ നിന്നും മാറി ഭംഗിയിൽ കാണപ്പെടുക എന്ന ഉദ്ദേശ്യത്തിലേക്കും കണ്ണെഴുതുന്നത് ഇന്ന് മാറിയിട്ടുണ്ട്. തത്ഫലമായി കുഞ്ഞുങ്ങൾക്ക് ഐ ലീനർ പോലുള്ള വസ്തുക്കൾ ഉപയോഗിച്ചും കണ്ണെഴുതുന്ന രീതിയിലേക്കു മാറി.
പ്രകൃതിദത്തമായ രീതിയിൽ ഉണ്ടാക്കിയിരുന്ന കണ്മഷികളാണ് പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ അവയ്‌ക്ക് ഗുണങ്ങളുമേറെയായിരുന്നു. അവ കണ്ണിന് തണുപ്പും ആശ്വാസവും നൽകുമായിരുന്നു. എന്നാൽ ഇന്ന് വിപണികളിൽ കിട്ടുന്ന പല കണ്മഷികളും ഉപയോഗിക്കുമ്പോൾ നീറ്റലുളവാകാറുണ്ട്. കുഞ്ഞുങ്ങളുടെ മൃദുലമായ ശരീരത്തിൽ ഇന്ന് പ്രചാരത്തിലുള്ള സൗന്ദര്യ വർധക വസ്തുക്കൾ കഴിവതും ഉപയോഗിക്കാതിരിക്കുക എന്നതാണ് നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് വേണ്ടി ചെയ്യാൻ കഴിയുന്നത്. നല്ലതിന് വേണ്ടി ചെയ്യുന്ന കാര്യം വിപത്തായി മാറാതിരിക്കട്ടെ..















