പാലക്കാട്: പികെ ശശിയെ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയാക്കുന്നതിനെതിരെ പ്രദേശിക കോൺഗ്രസ് നേതാക്കൾ രംഗത്ത്. സിപിഎമ്മിന്റെ മുൻനേതാക്കൾക്കായി വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയ അപമാനമാണെന്നും കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു. കെപിസിസി സെക്രട്ടറി പി ഹരിഗോവിന്ദന്റെ ചിത്രം പങ്കുവെച്ചാണ് കോൺഗ്രസ് നേതാക്കളുടെ എഫ്ബി പോസ്റ്റ്.
നേതാക്കൾ എടുക്കുന്ന ഈ ‘രാഷ്‌ട്രീയ അഡ്ജസ്റ്റ്മെന്റുകൾ’ തകർക്കുന്നത് ഒരു പ്രസ്ഥാനത്തിന്റെ അടിത്തറയാണ്. മറ്റൊരു പാർട്ടിയുടെ ചിഹ്നം അടിച്ചേൽപ്പിക്കുന്നത് ആത്മഹത്യാപരമാണ്. നേതൃത്വം മറുപടി പറയണം. ഈ തറവാട് ഇനിയും എത്ര കാലം വിരുന്നുകാർക്ക് വിട്ടുകൊടുക്കും? സ്വന്തം ചിഹ്നത്തെ സ്നേഹിക്കുന്ന ഒരു കോൺഗ്രസുകാരനും ഈ ഗതികേട് സഹിക്കാനാവില്ലെന്ന് മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സാജൻ കൊട്ടങ്കുളങ്ങരയുടെ പോസ്റ്റിൽ പറയുന്നു
പി ഹരിഗോവിന്ദനെ സ്ഥാനാർഥിയാക്കണമെന്ന് മുസ്ലീം ലീഗ് ഒറ്റപ്പാലം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സാദിഖും ആവശ്യപ്പെട്ടു. സീറ്റ് നിഷേധിച്ചാൽ കോൺഗ്രസ് ഹരിഗോവിന്ദനോട് കാണിക്കുന്ന നന്ദികേടാകുമെന്നും സാദിഖ് പറയുന്നു.















