കൊല്ലം: നിലമേലിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ച സംഭവത്തിൽ കൂടൂതൽ വിവരങ്ങൾ പുറത്തുവന്നു. നിലമേൽ സ്വദേശികളായ റഷീദ ബീവി, മരുമകൻ ഷാജി എന്നിവരാണ് ഇന്നലെ രാത്രി മരിച്ചത്. വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വാസ്ഥത അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു.
രാത്രി ഒൻപത് മണിയോടെയാണ് നിലമേലിൽ നിന്നും യാത്ര തിരിച്ചതെന്ന് കുടുംബത്തിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കണ്ണൻ ജനം ടിവിയോട് പറഞ്ഞു. രാത്രി 11 മണിയോടെ വിഴിഞ്ഞത്ത് എത്തി. കണവ തോരൻ, മീൻമുട്ട , പൊറോട്ട, അപ്പം തുടങ്ങിയവയാണ് കഴിച്ചത്. രാത്രി ഒരു മണിയോടെ തിരിച്ചു വരും വഴി റഷീദ ബീവിക്കാണ് ആദ്യം അസ്വസ്ഥത ഉണ്ടായത്. നെഞ്ച് വേദനയുണ്ടായി, നാവ് തളർന്നു പോയി. വെള്ളം ചോദിച്ചു, കടയില്ലായിരുന്നു. കുറച്ച് കഴിഞ്ഞ് കട്ടൻചായ വാങ്ങിക്കൊടുത്തു. പിന്നീടാണ് ഷാജി ഛർദ്ദിച്ചതെന്നും കണ്ണൻ പറഞ്ഞു.
ഇന്നലെ രാത്രി ഒൻപതരയോടെ തിരുവനന്തപുരം വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലിൽ നിന്നുമാണ് ആറംഗ കുടംബം ഭക്ഷണം കഴിച്ചത്. ഇതിൽ നാലുപേർക്കാണ് അസ്വസ്ഥതയുണ്ടായത്. ഷാജിയുടെ ഭാര്യ സജീന ചികിൽസയിലാണ്. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും പാരിപ്പള്ളി മെഡിക്കൽ കോളേജിലുമായാണ് സൂക്ഷിച്ചിരിക്കുന്നത്.















