ഇന്ത്യയിലെ പ്രശസ്തമായ ഹണിമൂണ്‍ ഡെസ്റ്റിനേഷനേഷനാണ് മണാലി. പ്രകൃതിയും മഞ്ഞും തണുപ്പും നിറയുന്ന കാലവസ്ഥയുമാണ് ഇവിടം നവദമ്പതികൾക്ക് പ്രിയപ്പെട്ടതാക്കുന്നത്. പ്രകൃതി സൗന്ദര്യത്തോടൊപ്പം സാഹസിക വിനോദങ്ങളും ഇവിടത്തെ പ്രധാന ആകർഷണമാണ്. മണാലിയിലെ ദിനങ്ങൾ ജീവിതകാലം മുഴുവൻ തങ്ങി നിൽക്കുന്ന ഓർമകളാകും യുവമിഥുനങ്ങൾക്ക് സമ്മാനിക്കുന്നത്. മണാലിയിലേക്ക് യാത്ര ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ മനസിലാക്കാം.
എവിടെയാണി മണാലി
രാജ്യതലസ്ഥാനത്ത് നിന്നും 580 കിലോമീറ്റര്‍ അകലെ, ഹിമാചല്‍ പ്രദേശില്‍ കുളു താഴ്വരയുടെ വടക്ക് ഭാഗത്തായാണ് മണാലിയുടെ സ്ഥാനം. റോഡ് മാര്‍ഗം മണാലിയിലേക്ക് യാത്ര ചെയ്യുന്നതാണ് ഉചിതം. കാരണം 320 കിലോമീറ്റര്‍ അകലെയാണ് റെയില്‍വെ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.
എങ്ങനെ പോകും?
ഡല്‍ഹിയില്‍ നിന്ന് 15 മണിക്കൂര്‍ ബസ് യാത്രയുണ്ട് മണാലിയിലേക്ക്. ഹിമചല്‍ പ്രദേശ് ടൂറിസം കോര്‍പ്പറേഷന്റെ ബസുകള്‍ ദിവസവും പല സമയത്തായി മണാലിയിലേക്ക് പുറപ്പെടുന്നുണ്ട്. എന്നാൽ രാത്രികാല ബസ് സര്‍വീസുകളാണ് കൂടുതലായും ഉള്ളത്.
നല്ല സമയം?
മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയാണ് മണാലിയില്‍ യാത്രയ്‌ക്ക് അനുയോജ്യമായ സമയം. ഒക്ടോബര്‍ മുതൽ രാത്രിയും രാവിലെയും കടുത്ത തണുപ്പായിരിക്കും. ഡിസംബര്‍ മുതല്‍ കനത്ത മഞ്ഞുവീഴ്ചയും തുടങ്ങും.
സാഹസികരെ കാത്തിരിക്കുന്നത്
സാഹസിക വിനോദങ്ങളും ഇവിടത്തെ പ്രധാന ആകർഷണമാണ് എന്ന് പറഞ്ഞല്ലോ. അത്തരക്കാർക്കായി നിരവധി ആക്റ്റിവിറ്റികളാണ് മണാലിയില്‍ ഉള്ളത്. വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, സ്‌കീയിംഗ്, മലകയറ്റം, ഹൈക്കിംഗ് തുടങ്ങി നിരവധി സാഹസിക വിനോദങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.















