കൊച്ചി: സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ എൻഡിഎയുടെ ഭാഗമായ ട്വന്റി-20 യിൽ ചേർന്നു. ട്വന്റി-20 ചെയര്‍മാന്‍ സാബു എം ജേക്കബാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വാർത്താ സമ്മേളനത്തിൽ അഖിൽ മാരാറും സന്നിഹിതനായിരുന്നു.
ട്വന്റി-20 എൻഡിഎയുടെ ഭാഗമായതിന് പിന്നാലെ പാർട്ടി പിളർന്നു ആളുകൾ പോയി എന്നായിരുന്നു വിമർശനമെന്ന് സാബു ജേക്കബ് പറഞ്ഞു. എന്നാൽ പ്രമുഖർ പാർട്ടിയിലേക്ക് കടന്നു വരുന്നു എന്നതാണ് യാഥാർഥ്യം. വരും ദിവസങ്ങളിൽ പല പാർട്ടികളും ട്വന്റി-20 ൽ ലയിക്കും. അഖിൽ മാരാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും മണ്ഡലം എൻഡിഎയിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും സാബു ജേക്കബ് പറഞ്ഞു.
രാജ്യത്ത് നടക്കുന്ന വികസനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ആവില്ലെന്ന് അഖിൽ മാരാർ പറഞ്ഞു. നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്നയാളാണ് ഞാൻ. പുതിയ കാലഘട്ടത്തിന്റെ രാഷ്‌ട്രീയം നേരത്തെ പ്രാവർത്തികമാക്കിയ പാർട്ടിയാണ് ട്വന്റി-20. ശരികൾ സംസാരിക്കുമ്പോൾ സംഘിയാക്കുന്ന രീതിയാണ് നാട്ടിൽ. ഇന്ത്യ ഒരു രാജ്യത്തിനു മുന്നിലും തലകുനിക്കരുതെന്നാണ് നിലപാട്. അത്തരം വൈകാരിക പ്രകടനമാണ് പഹൽഗാം വിഷയത്തിൽ ഉണ്ടായതെന്നും അഖിൽ മാരാർ വ്യക്തമാക്കി















