ഇന്ന് വിവാഹം പോലെത്തന്നെ വളരെ ആഘോഷമായി നടത്തുന്ന ഒന്നാണ് വളകാപ്പ്. ഒരു സ്ത്രീ ആദ്യമായി ഗർഭിണിയായാൽ അഞ്ചാം മാസമോ ഏഴാം മാസമോ ഒൻപതാം മാസമോ നടത്തുന്ന ചടങ്ങാണിത്. ഗർഭിണിയെയും ഗർഭസ്ഥ ശിശുവിനെയും അനുഗ്രഹിക്കുന്ന ആചാരമായാണ് ഇത് കണക്കാക്കുന്നത്.
കുപ്പിവളകൾ എന്ന വിളിക്കുന്ന ഗ്ലാസ് വളകൾ കുഞ്ഞിന്റെ ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുമെന്നാണ് വിശ്വാസം. അതുകൊണ്ട് വളകാപ്പിന് വരുന്ന ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഗർഭിണിയുടെ കയ്യിൽ കുപ്പിവളകൾ അണിയിക്കുന്നു. അന്നേദിവസം ഗർഭിണിയെ പുതിയ സാരിയുടുപ്പിക്കുകയും മുല്ലപ്പൂവ് ചൂടിച്ച് വധുവിനെപോലെ ഒരുക്കാറുണ്ട്. വിവിധതരം അരി വിഭവങ്ങളും പരമ്പരാഗത ഭക്ഷണവും മധുര പലഹാരങ്ങളുംകൊടുക്കുന്ന പതിവും ഉണ്ട്. ചടങ്ങിനെത്തുന്നവർ വിവിധതരം സമ്മാനങ്ങളും നൽകി ഗർഭിണിയായ സ്ത്രീയെ അനുഗ്രഹിക്കുകായും ചെയ്യും.
പോഷകസമൃദ്ധമായ ഭക്ഷണം പങ്കുവെച്ച് സുരക്ഷിതമായ പ്രസവം ഉറപ്പാക്കുക, ഗർഭിണിയെ സന്തോഷിപ്പിക്കുക, കുഞ്ഞിനെ ഉത്തേജിപ്പിക്കുക എന്നിവയാണ് ഈ ചടങ്ങിന്റെ ലക്ഷ്യം. കുഞ്ഞിന്റെ ജനന ശേഷം ഈ കുപ്പിവളകൾ പിന്നീട് ധരിക്കണമെന്ന് നിർബന്ധമില്ല.















