കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളെ ആഘോഷങ്ങളാക്കാൻ ആഗ്രഹിക്കുന്നവരാണ് ഓരോ മാതാപിതാക്കളും. കുഞ്ഞുങ്ങളുടെ കാതുകുത്ത് ചടങ്ങിന് വിശേഷാൽ പ്രാധാന്യം നൽകുക പതിവാണ്.
കർണ്ണവേദം എന്നും ഈ ചടങ്ങിനെ അറിയപ്പെടാറുണ്ട്. കുഞ്ഞുങ്ങൾക്ക് ഒരു വയസാകുന്നതിന് മുൻപാണ് ഇത് പൊതുവെ നടത്താറുള്ളത്. എന്നാൽ പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി അഞ്ചുവയസിന് മുന്പായി നടത്തുന്ന രീതിയും കണ്ടുവരുന്നു. കുഞ്ഞിന് ആരോഗ്യവും സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്ന ഒരു പവിത്രവും ശുഭകരവുമായ ആചാരമായും ഇതിനെ കണ്ടുവരുന്നു. മുതിർന്നവരോ കുടുംബാംഗങ്ങളോ നടത്തുന്ന ഈ ചടങ്ങിൽ പലപ്പോഴും ആഘോഷപൂർവ്വമായ ഒരു വിരുന്നും ഉൾപ്പെടുത്താറുണ്ട്.
നല്ല മുഹൂർത്തം നോക്കി, നിലവിളക്ക് കൊളുത്തി വെച്ച്, സ്വർണ്ണക്കമ്പിയോ നാരകത്തിന്റെ മുള്ളോ ഉപയോഗിച്ച് രക്തം പൊടിയാതെയാണ് കാത് കുത്തുന്നത്. അവിട്ടം, അത്തം, മകയിരം, തിരുവാതിര, പുണർതം, പൂയം, രേവതി, തിരുവോണം, ചിത്തിര എന്നീ നക്ഷത്രങ്ങൾ പൊതുവെ കാതുകുത്തിന് ഉത്തമമായി കണക്കാക്കുന്നു. നിലവിളക്ക് കത്തിച്ച് ഗണപതിയൊരുക്ക് വെച്ച ശേഷം, പരിശിലനം സിദ്ധിച്ച വ്യക്തിയാണ് കുഞ്ഞിന്റെ കാത് കുത്തുന്നത്. കുത്തിയ ശേഷം കുഞ്ഞിന്റെ ചെവിയിൽ വെണ്ണ പുരട്ടുന്ന പതിവുമുണ്ട്. കാതുകുത്തുന്നത് ആർത്തവ വേദന കുറയ്‌ക്കാൻ സഹായിക്കുമെന്ന വിശ്വാസമുണ്ട്.
മകരം, ഇടവം, മിഥുനം, കർക്കിടകം, കന്നി, തുലാം, ധനു, മീനം എന്നിവയാണ് കാതുകുത്തിനുപറ്റിയ ശുഭ രാശികൾ.















