പാലക്കാട്: പോത്തുണ്ടി ഇരട്ടകൊലപാതക കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. പാലക്കാട് ഫാസ്റ്റ് ട്രാക്ക് 2 കോടതിയിലാണ് വിചാരണ നടക്കുന്നത്. 2025 ജനുവരി 27നാണ് പോത്തുണ്ടി ബോയന്‍ നഗറിൽ വച്ച് കൊടുംകുറ്റവാളി ചെന്താമര പ്രദേശവാസിയായ സുധാകരനെയും അമ്മയെയും കൊലപ്പെടുത്തിയത്. നേരത്തെ, സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
മനുഷ്യ മനഃസാക്ഷിയെ നടുക്കിയ ഇരട്ടകൊലപാതകത്തിൽ വിചാരണ ആരംഭിക്കാത്തതിനെതിരെ കൊല്ലപ്പെട്ട സുധാകരന്റെ കുടുംബം രംഗത്ത് വന്നിരുന്നു. വിചാരണ ഉടൻ ആരംഭിക്കണമെന്നും കൊടുംകുറ്റവാളിയായ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ നൽകണമെന്നും സുധാകരന്റെ മകൾ അഖില ആവശ്യപ്പെട്ടിരുന്നു. പ്രതിയെ പേടിച്ച് കുട്ടികൾ ഉറങ്ങാറില്ലെന്നും കുടുംബം പറഞ്ഞിരുന്നു. പ്രതിയെ ഭയന്ന് പലരും പോത്തുണ്ടിയിലെ ബോയൻ നഗറിൽ നിന്ന് താമസം മാറി. സ്വസ്ഥവും സമാധാനവുമായി കഴിയാൻ ചെന്താമരയെ തൂക്കി കൊല്ലണമെന്നും അവർ ആവശ്യപ്പെട്ടു.
തന്റെ കുടുംബം തന്നെ ഉപേക്ഷിച്ചത് സുധാകരന്റെ കുടുംബം കാരണമാണെന്ന് സംശയിച്ച് പ്രതി ആദ്യം സുധാകരന്റെ ഭാര്യയെ കൊലപ്പെടുത്തി. കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്.















