ന്യൂഡൽഹി: സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവും , പ്രതിരോധവും ലക്ഷ്യമാക്കി രാജ്യത്ത് എച്ച്പിവി വാക്സിനേഷന് പദ്ധതിക്ക് ഇന്ന് തുടക്കമാകും. രാജ്യവ്യാപകമായി 14 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കാണ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്സിനേഷന് നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിലെ അജ്മീറില്‍ വാക്സിനേഷൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യും.
14 വയസ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും മൂന്ന് മാസത്തിനകം ഒറ്റ ഡോസ് വാക്സിൻ നൽകാനാണ് തീരുമാനം. തുടർന്ന് ദേശീയ പ്രതിരോധകുത്തിവയ്പ്പ് പട്ടികയിൽ ഉൾപ്പെടുത്തി ഓരോ വർഷവും 14 വയസ് പൂർത്തിയാക്കുന്ന പെൺകുട്ടികൾക്ക് വാക്സിൻ നൽകും. മറ്റ് വാക്സിനുകൾ പോലെ രോഗപ്രതിരോധ ദിവസങ്ങളിൽ ഇത് ആരോഗ്യ കേന്ദ്രത്തിൽ ലഭ്യമാകും. ഇതിലൂടെ ഭാവിയിൽ എല്ലാ സ്ത്രീകളെയും ഗർഭാശയഗള കാൻസറിൽ നിന്ന് സംരക്ഷിക്കാൻ കഴിയും.
ആഗോളതലത്തിൽ ഗർഭാശയഗള ക്യാൻസർ ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമാണ്. അതേസമയം, വാക്സിൻ ഉപയോഗിച്ച് തടയാൻ കഴിയുന്ന ഒരേയൊരു ക്യാൻസറാണിത്. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ (ആയുഷ്മാൻ ആരോഗ്യ മന്ദിർ-പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, ഉപജില്ലാ/ജില്ലാ ആശുപത്രികൾ, സർക്കാർ മെഡിക്കൽ കോളേജുകൾ, ആശുപത്രികൾ) എന്നിവ വഴിയാണ് വാക്സിൻ നൽകുക. ഓരോ സംസ്ഥാനങ്ങൾക്കും ആവശ്യമായ വാക്സിൻ ഡോസുകൾ ഇതിനകം വിതരണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.















