തിരുവനന്തപുരം: വീടിനുള്ളില്‍ കയറിയ മുള്ളന്‍ പന്നിയെ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശി അടിച്ചു കൊന്നു. ഇതേതുടർന്ന് ശശിക്കെതിരെ വനം വകുപ്പ് കേസെടുത്തു. മൂന്ന് വര്‍ഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ശശിക്കെതിരെ വനം വകുപ്പ് ചുമത്തിയിരിക്കുന്നത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. നാട്ടില്‍ കണ്ട മുള്ളന്‍പന്നിയെ വനംവകുപ്പിനെ വെല്ലുവിളിച്ചുകൊണ്ട് വെള്ളനാട് ശശി അടിച്ചുകൊല്ലുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വെള്ളനാട് പഞ്ചായത്തിലെ വാളിയറ ഭാഗത്തെ വീട്ടുപരിസരത്താണ് രാവിലെ മുള്ളന്‍പന്നിയെ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്തംഗത്തെ വിവരമറിയിച്ചു. വനംവകുപ്പിന്റെ നമ്പര്‍ ഇല്ലാത്തതിനാല്‍ ഇവര്‍ പഞ്ചായത്ത് പ്രസിഡന്റായ വെള്ളനാട് ശശിയോട് വിവരംപറഞ്ഞു. തുടര്‍ന്നാണ് വെള്ളനാട് ശശി സ്ഥലത്തെത്തി മുള്ളന്‍പന്നിയെ അടിച്ചുകൊന്നത്. വനംവകുപ്പൊന്നും വേണ്ട താന്‍ തന്നെ ഇത് കൈകാര്യംചെയ്തോളാമെന്ന് പറഞ്ഞായിരുന്നു വെള്ളനാട് ശശി മുള്ളന്‍പന്നിയെ കൊന്നത്.
സിപിഎം നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ വെള്ളനാട് ശശി നിരന്തരം വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. പഞ്ചായത്തിലെ വാഹനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടർന്ന്അടുത്തിടെ ശശിയും കൂട്ടരും ചേര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയെ മുറിയില്‍ പൂട്ടിയിട്ടത് വിവാദമായിരുന്നു. മുൻപ് സ്ത്രീകളെയും കുട്ടികളെയും മര്‍ദിച്ചകേസിലും വെള്ളനാട് ശശി അറസ്റ്റിലായിരുന്നു.
കോണ്‍ഗ്രസിലായിരുന്ന വെള്ളനാട് ശശി 2024 ൽ സിപിഎമ്മില്‍ ചേര്‍ന്ന് മത്സരിച്ച് പ്രസിഡന്റ് സ്ഥാനത്തെത്തുകയായിരുന്നു.















