ന്യൂഡൽഹി: നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) പുതുതായി അച്ചടിച്ച എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ ‘ജുഡീഷ്യറിയിലെ അഴിമതി’ എന്ന തലക്കെട്ടിൽ ജുഡീഷ്യറിയെക്കുറിച്ചുള്ള വിവാദപരമായ അഭിപ്രായങ്ങൾ ഉൾപ്പെടുത്തിയതിൽ എൻസിഇആർടി ക്ഷമാപണം നടത്തി.
സ്വമേധയാ ഈ വിഷയം ഏറ്റെടുത്ത സുപ്രീം കോടതി പാഠപുസ്തകത്തിലെ ഭാഗത്തെ ശക്തമായി എതിർക്കുകയും അപലപിക്കുകയും ചെയ്തു. ഇത് ജുഡീഷ്യറിക്കെതിരായ ഗൂഢാലോചനയാണെന്നും ഇത് മനഃപൂർവ്വം ചെയ്തതാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു പറഞ്ഞു.
ഇതേ തുടർന്ന് ഈ സാമൂഹ്യശാസ്ത്ര പുസ്തകത്തിന്റെ പ്രസിദ്ധീകരണവും പ്രചാരണവും നിരോധിക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഈ വിഷയത്തിൽ ശരിയായ വിശദീകരണം ആവശ്യപ്പെട്ട് എൻസിആർടി ഡയറക്ടർക്കും സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറിക്കും കോടതി നോട്ടീസ് അയച്ചു.
ഇതേ തുടർന്നാണ് എൻസിഇആർടി എക്സിക്യൂട്ടീവ് ഡയറക്ടറും അംഗങ്ങളും നിരുപാധികം പരസ്യമായി മാപ്പ് പറയുന്ന ഒരു പ്രസ്താവന ഇറക്കിയത്.
“ഈ വിഷയത്തിൽ ഞങ്ങൾ നിരുപാധികം പരസ്യമായി ക്ഷമാപണം നടത്തുന്നു. വിവാദമായ പുസ്തകം വിപണിയിൽ നിന്ന് പൂർണ്ണമായും പിൻവലിക്കും. ഇത് ഇനി വിൽപ്പനയ്‌ക്ക് ലഭ്യമാകില്ല” എന്ന് എൻ സി ഇ ആർ ടി പ്രസ്താവനയിൽ പറയുന്നു















