ഇൻഡോർ: പെട്രോളടിച്ചു പണം നൽകാതെ വാഹനം ഓടിച്ചു പോകാൻ ശ്രമം നടത്തിയ ആളെ തടഞ്ഞ പമ്പ് ജീവനക്കാരനെ കാർ ഉടമ വലിച്ചിഴച്ചു കൊലപ്പെടുത്തി. ബുധനാഴ്ച പുലർച്ചെ മധ്യപ്രദേശിലെ ഇൻഡോറിലെ സാൻവേർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പെട്രോൾ പമ്പിലായിരുന്നു സംഭവം. പെട്രോൾ പമ്പ് ജീവനക്കാരനായ രോഹിത് പർമർ (22) ആണ് കൊല്ലപ്പെട്ടത്.
4,000 രൂപയ്‌ക്ക് പെട്രോൾ അടിച്ച ശേഷം പണം നൽകാതെ ഡ്രൈവർ വാഹനം ഓടിച്ചു പോകാൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ പെട്രോൾ പമ്പ് ജീവനക്കാരനായ രോഹിത് പർമർ (22) എന്നയാൾ എത്തി കാറിന്റെ ജനാലയിലൂടെ കൈ നീട്ടി പണം ആവശ്യപ്പെട്ടു. തുടർന്ന് ഡ്രൈവർ പർമറിന്റെ കൈ പിടിച്ച് കാറിന്റെ ജനൽ ചില്ല് ഉയർത്തി കൈ കുടുക്കി ദൂരത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ രോഹിത് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
കാറിൽ നാലോ അഞ്ചോ പേർ ഉണ്ടായിരുന്നതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സംഭവത്തിന് ശേഷം പ്രതികൾ ഉജ്ജൈൻ ഭാഗത്തേക്ക് കടന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണുന്നു. എന്നാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ദൃശ്യങ്ങളിൽ വ്യക്തമല്ല. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.















