തിരുവനന്തപുരം: മുള്ളൻപന്നിയെ തല്ലിക്കൊന്നക്കേസിൽ ഒളിവിൽപ്പോയ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശി ഭരണ തലസ്ഥാനത്ത് സസുഖം വിലസുന്നു. വെള്ളനാട് ശശി സെക്രട്ടറിയേറ്റിലെത്തിയതായാണ് വാർത്ത. ഇയാൾ സെക്രട്ടേറിയറ്റിൽ എത്തുന്ന ദൃശ്യങ്ങൾ സ്വകാര്യ ചാനലിലെ മാധ്യമപ്രവർത്തകർ പകർത്തി. ഇവരോട് വെള്ളനാട് ശശി തട്ടിക്കയറി. വീഡിയോ പകർത്തി ആരെ വേണമെങ്കിലും കാണിച്ചോളുവെന്ന് ധിക്കാരത്തോടെ പറഞ്ഞാണ് മാധ്യമപ്രവർത്തകർക്കുനേരെ തട്ടിക്കയറിയത്. ദിവസങ്ങൾക്ക് മുൻപ് ഒരു ലോഡ്ജിലുണ്ടെന്ന് വിവരം ലഭിച്ചിട്ടും ഇയാളെ കസ്റ്റഡിയിലെടുക്കാൻ തയ്യാറാകാതെ അന്വേഷണസംഘം ഒത്തുകളിക്കുകയാണെന്നുള്ള ആരോപണങ്ങളുയരുന്നുണ്ട്. ഇതിനിടെയാണ് ശശി പകൽ വെളിച്ചത്തിൽ സെക്രട്ടറിയേറ്റിലെത്തിയത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്യാൻ ഇതുവരെയും അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഇയാൾ ഒളിവിൽ പോയതിനാലാണ് അറസ്റ്റ് ചെയ്യാൻ സാധിക്കാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. നാളെ വെള്ളനാട് ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി പരിഗണിക്കുന്നുണ്ട് .
വെള്ളനാട്ടെ ഒരു വീട്ടിലാണ് മുള്ളൻപന്നിയെ കണ്ടത്. താമസക്കാർ ആദ്യം വെള്ളനാട് പഞ്ചായത്ത് മെമ്പറിനെ അറിയിച്ചു. അവരാണ് വെള്ളനാട് ശശിയെ വിവരമറിയിച്ചത്. എന്നാൽ വനംവകുപ്പിനെ അറിയിക്കാതെ വെള്ളനാട് ശശി വീട്ടിലെത്തുകയും തുടർന്ന് അവിടെയുണ്ടായിരുന്ന ഇരുമ്പ് പൈപ്പെടുത്ത് മുള്ളൻപന്നിയെ കൊല്ലുകയുമായിരുന്നു. പിന്നാലെ തന്നെ ശശി സ്ഥലം വിടുകയായിരുന്നു.















