വൈവാഹികജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള മനസിലാക്കലുകൾക്ക് ഏറെ പ്രാധാന്യമുണ്ട്. ഇതിന് ഏറ്റവും വേണ്ടത് കൃത്യമായ ആശയവിനിമയമാണ്. പങ്കാളിയുടെ മാനസികാവസ്ഥയെ എപ്പോഴും പറയാതെ മനസിലാക്കാൻ കഴിഞ്ഞെന്ന് വരില്ല. അത്തരം സാഹചര്യങ്ങളിൽ മുൻവിധി കൂടാതെ അവരോട് വ്യക്തമായി കാര്യങ്ങൾ സംസാരിക്കുക എന്നതാണ് ചെയ്യാവുന്ന കാര്യം.
ദൈനംദിന ജീവിതത്തിൽ ഉണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ, കുടുംബപരമായ ഉത്തരവാദിത്തങ്ങൾ എന്നിവയെക്കുറിച്ച് തുറന്ന് സംസാരിക്കുന്നത് ബന്ധത്തിലെ വിള്ളലുകൾ ഒഴിവാക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ജീവിത സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് പങ്കാളിയുടെ പെരുമാറ്റത്തിലും മാറ്റങ്ങൾ വരാം. എന്നാൽ ഈ മാറ്റങ്ങളെ ഉൾക്കൊള്ളാനും അതിനനുസരിച്ച് ഒത്തുപോകാനും പരസ്പര ധാരണ അത്യാവശ്യമാണ്. പക്ഷെ പലപ്പോഴും പങ്കാളികളിൽ ഒരാൾ ബന്ധം സമാധാനപരമായി നിലനിർത്താൻ പരിശ്രമിക്കുന്നതായി കാണാറുണ്ട്. അത് ശരിയായ പ്രവണതയല്ല. പരസ്പരബഹുമാനം നൽകുന്നത് ദാമ്പത്യജീവിതത്തിൽ അത്യന്താപേക്ഷിതമാണ്. തീരുമാനങ്ങൾ എടുക്കുമ്പോൾ പങ്കാളിയുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മാനിക്കുന്നത് ദാമ്പത്യ ജീവിതം കൂടുതൽ ഊഷ്മളമാക്കുന്നു.
















