പ്രകൃതി സൗന്ദര്യവും ചരിത്രവും ആധുനികതയും ഒത്തിണങ്ങിയ മനോഹരമായ സ്ഥലമാണ് വിയറ്റ്നാം. കുറഞ്ഞ ചെലവിൽ മനോഹരമായ അനുഭവങ്ങൾ വിയറ്റ്നാം നമ്മുക്ക് സമ്മാനിക്കുന്നു. നവദമ്പതികൾക്കിടയിൽ വളരെ ഹിറ്റായ ഒരു ഹണിമൂൺ ഡെസ്റ്റിനേഷനാണ് ഇത്. അടുത്തകാലത്തായി മലയാളികളുടെ ബക്കറ്റ് ലിസ്റ്റിലും പ്രദേശം ഇടം പിടിച്ചിട്ടുണ്ട്.

മാർച്ച് മുതൽ ഏപ്രിൽ വരെയും, സെപ്റ്റംബർ മുതൽ നവംബർ വരെയുമാണ് വിയറ്റ്നാം സന്ദർശിക്കാൻ അനുയോജ്യമായ മാസങ്ങൾ. സുഖകരമായ കാലാവസ്ഥയും കുറഞ്ഞ തോതിലുള്ള മഴയും ഈ മാസങ്ങളിൽ അനുഭവപ്പെടുന്നു. തെക്കുകിഴക്കൻ ഏഷ്യയിലെ മനോഹരമായ ഈ രാജ്യം ആസ്വദിക്കാൻ കുറഞ്ഞത് 6 മുതൽ 10 ദിവസം വരെ ആവശ്യമാണ്.

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള റൊമാന്റിക് സ്ഥലമായ ഹാലോങ് ബേ, പഴയകാലത്തെ നഗരഭംഗി ആസ്വദിക്കാവുന്ന ഹോയ് ആൻ, കടൽത്തീരവും മലനിരകളും ഒത്തുചേരുന്ന ഡാ നാംഗ്, മനോഹരമായ ബീച്ചുള്ള ഫു കുവാക് ദ്വീപുമാണ് വിയറ്റ്നാമിലെ പ്രധാന ഹണിമൂൺ കേന്ദ്രങ്ങൾ. ഇന്ത്യക്കാർക്ക് വിയറ്റ്നാമിൽ എത്താൻ വിസ ആവശ്യമാണ്. വിയറ്റ്നാം ഭാഷയാണ് പ്രധാനമെങ്കിലും ഇംഗ്ലീഷ് ഭാഷയും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സംസാരിക്കുന്നു.
















