ന്യൂഡൽഹി: ആരവല്ലി മലനിരകളുടെ അതിർത്തികളും വ്യാപ്തിയും കൃത്യമായി നിർവചിക്കുന്നതിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 10 അംഗ വിദഗ്ധസമിതിക്ക് അംഗീകാരം നൽകി. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു.
ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എജ്യുക്കേഷൻ ഡയറക്ടർ ജനറൽ കഞ്ചൻ ദേവി സമിതിയെ നയിക്കും. മധ്യപ്രദേശ് കേഡറിലെ 1991 ബാച്ച് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥയായ കഞ്ചൻ ദേവിക്ക് വനം, ഗവേഷണം, വന്യജീവി-വന നയം എന്നീ മേഖലകളിൽ നീണ്ട അനുഭവസമ്പത്തുണ്ട്. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ , ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ , സർവേ ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും സമിതിയിൽ ഉൾപ്പെടുന്നു.
മലനിരകളുടെ സംരക്ഷണത്തെ ബാധിക്കുന്ന വിഷയത്തിൽ സമഗ്രവും ശാസ്ത്രീയവുമായ പരിശോധന ആവശ്യമാണെന്ന് സുപ്രീം കോടതി വിലയിരുത്തിയിരുന്നു. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകരമാണ് വിദഗ്ധ സമിതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയത്.
ആരവല്ലി മലനിരകളെ ശാസ്ത്രീയമായി നിർവചിക്കുക എന്നതാണ് സമിതിയുടെ പ്രാഥമിക ലക്ഷ്യം. ഖനനം പോലുള്ള പ്രവർത്തനങ്ങൾ സംബന്ധിച്ച നിയമപരമായ അവ്യക്തതകൾ പരിഹരിക്കുന്നതിനാണ് ഈ സമിതിയെ നിയോഗിച്ചിരിക്കുന്നത്. നിലവിൽ ഖനന പ്രവർത്തനങ്ങൾ കോടതി താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
വിദഗ്ധ സമിതി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ആരവല്ലി സംരക്ഷണവും ഭാവിയിലെ ഖനന നിയന്ത്രണങ്ങളും തീരുമാനിക്കുക.















