കണ്ണൂർ: എം. വി ഗോവിന്ദന്റെ ഭാര്യയായത് കൊണ്ടല്ല പി.കെ.ശ്യാമളയെ സ്ഥാനാർഥിയാക്കിയതെന്ന് ജില്ലാ സെക്രട്ടറി കെ. കെ രാഗേഷ്. സിപിഎം. വിട്ട ജില്ലാ സെക്രട്ടേറിയറ്റംഗം ടി. കെഗോവിന്ദന് മാദ്ധ്യമങ്ങളിലൂടെ മറുപടി നൽകുകയായിരുന്നു കെ. കെ രാഗേഷ്. ഒരു സജീവ പാർട്ടി പ്രവർത്തകയെ ആണ് ഗോവിന്ദൻ മാഷ് വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം വീട്ടിൽ ഒതുങ്ങിനിൽക്കാതെ പ്രവർത്തിച്ചുവെന്നും രാഗേഷ് പറഞ്ഞു.
ടി. കെ ഗോവിന്ദൻ കാണിച്ചത് രാഷ്‌ട്രീയ വഞ്ചനയാണെന്ന് എം. വി ജയരാജൻ പറഞ്ഞു. പ്രവാസിയായ സാജന്റെ ആത്മഹത്യയിൽ ശ്യാമള ഒരു തെറ്റും ചെയ്തില്ല പിന്നെ എങ്ങനെ നടപടി എടുക്കും. മുഖ്യമന്ത്രി ഒരു നീതിക്കേടിനും കൂട്ടു നിന്നില്ല. മുഖ്യമന്ത്രി ജില്ലയിലെ സ്ഥാനാർഥി നിർണയത്തിൽ ഇടപെട്ടില്ല. ടി. കെ ഗോവിന്ദൻ പല്ലിൽ കുത്തി നാറ്റിക്കുകയാണ്. പാർട്ടി വിട്ടാൽ പിന്നെ ടി. കെ ഗോവിന്ദൻ കെട്ട തക്കാളിയാണെന്നും ജയരാജൻ പറഞ്ഞു.
ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് ടി.കെ ഗോവിന്ദൻ പാർട്ടി വിട്ടത്. മൂന്നുതവണ എംഎൽഎ ആയശേഷം നാലാമതായി ഭാര്യയെ എംഎൽഎ ആക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വിഗോവിന്ദൻ പറയുന്നത് രാജ്യത്തെ സ്നേഹിക്കാനല്ലെന്നും അഴിമതിയാണെന്നുമാണ് നേരത്തേ ടി.കെ ഗോവിന്ദൻ പറഞ്ഞത്.















