ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ എന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

Published by
ജനം വെബ്‌ഡെസ്ക്

കൊല്ലം: കേരള മനസാക്ഷിയെ നടുക്കിയ ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതി  ജി. സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷാവിധി മറ്റന്നാൾ ആയിരിക്കും.

സന്ദീപിനെതിരെ പ്രോസിക്യൂഷൻ ചുമത്തിയ കൊലപാതകം, വധശ്രമം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ കോടതി ശരിവെച്ചു. പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ച കൊലപാതകം ഉൾപ്പെടെയുള്ള എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിയിക്കപ്പെട്ടതായി കോടതി വ്യക്തമാക്കി.

2023 മെയ് 10-ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കെത്തിച്ച അധ്യാപകൻ സന്ദീപ്, ഹൗസ് സർജനായിരുന്ന ഡോ. വന്ദനയെ സർജിക്കൽ കത്രിക ഉപയോഗിച്ച് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. പോലീസ് ഉദ്യോഗസ്ഥരെയും ഇയാൾ അക്രമിച്ചിരുന്നു.

കുറ്റകൃത്യങ്ങൾക്ക് ശേഷം തനിക്ക് അനുകൂലമായി തെളിവുണ്ടാക്കാൻ വളരെ ബുദ്ധിപരമായ നീക്കങ്ങൾ കുറ്റവാളി നടത്തി. തനിക്ക് മാനസികപ്രശ്‌നമുണ്ട് എന്ന് വരുത്തിത്തീർക്കുക എന്നതായിരുന്നു  പ്രതിയുടെ അടുത്ത ശ്രമം. അതിനായി ജയിലിലെ ലൈബ്രറിയിൽനിന്ന് പുസ്തകങ്ങളിലെ വിവരങ്ങൾ ശേഖരിച്ച ശേഷം തനിക്ക് സ്കീസോഫീനിയയുടെ ലക്ഷണങ്ങൾ ഉണ്ട് എന്ന് വരുത്തിത്തീർക്കുവാൻ ശ്രമിച്ചു. എന്നാൽ മാനസിക പ്രശ്നങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കോടതി തള്ളി. അത്യന്തം വേദനാജനകമായ ഈ കേസിൽ പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് വന്ദനയുടെ കുടുംബവും പൊതുസമൂഹവും പ്രതീക്ഷിക്കുന്നത്.

Share