തെഹ്‌റാൻ: ഇറാനിലെ ശക്തനായ നേതാവും ദേശീയ സുരക്ഷാ കൗൺസിൽ മേധാവിയുമായ അലി ലാരിജാനിയെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ. എന്നാൽ ഇറാൻ ഔദ്യോഗികമായി ഈ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
തിങ്കളാഴ്ച രാത്രി തെഹ്‌റാനിൽ നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. ലാരിജാനിയുടെ മകനും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ ഭരണകൂടത്തിനേൽക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്.
ഇറാന്റെ മുൻ പാർലമെന്റ് സ്പീക്കറും ആണവ ചർച്ചകളിലെ മുഖ്യ മധ്യസ്ഥനുമായിരുന്ന ലാരിജാനി, നിലവിൽ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു.
ഇസ്രായേലിന്റെ അവകാശവാദത്തിന് തൊട്ടുപിന്നാലെ ഇറാൻ ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു. ഇസ്രായേലിലെ പല നഗരങ്ങളിലും സൈറണുകൾ മുഴങ്ങുകയും ജനങ്ങൾ അഭയസ്ഥാനങ്ങളിലേക്ക് മാറുകയും ചെയ്തു. ലാരിജാനിയുടെ മരണവാർത്ത ഇറാൻ സ്ഥിരീകരിക്കുകയാണെങ്കിൽ, അത് മേഖലയിലെ യുദ്ധം കൂടുതൽ കടുപ്പിക്കാൻ കാരണമാകും.